മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ സിനിമ ഉടന്‍?

Last Updated: ബുധന്‍, 25 ജൂണ്‍ 2014 (18:27 IST)
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ 'ലൈലാ ഓ! ലൈലാ' എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അക്കാര്യത്തില്‍ ധാരണയായിട്ടില്ല എന്ന റിപ്പോര്‍ട്ടുകളുമെത്തി. എന്തായാലും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് വിവരം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കേന്ദ്രീകരിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് നായികയായി മഞ്ജു എത്തുമെന്നാണ് സൂചന.

ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ സത്യന്‍ അന്തിക്കാടിന് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതിയിട്ടുണ്ട്.

തൂവല്‍ക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മഞ്ജു വാര്യരായിരുന്നു നായിക. ഈ രണ്ട് സിനിമകളും ഹിറ്റുകളായിരുന്നു. എന്തായാലും മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ കൂട്ടുകെട്ട് വീണ്ടും സംഭവിക്കുന്നത് സത്യന്‍ അന്തിക്കാട് സിനിമയിലൂടെ ആണെങ്കില്‍ അതൊരു മെഗാഹിറ്റായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :