കോടീശ്വരന്‍‌മാര്‍ പേടിക്കണം, മമ്മൂട്ടി മറ്റൊരു വഴിയില്‍ !

മമ്മൂട്ടിക്ക് എത്ര പേരുകളുണ്ട്? !

Mammootty, Sathyan Anthikkad, Kalikkalam, Sreenivasan, S N Swami, Shaji Kailas,   മമ്മൂട്ടി, സത്യന്‍ അന്തിക്കാട്, കളിക്കളം, ശ്രീനിവാസന്‍, എസ് എന്‍ സ്വാമി, ഷാജി കൈലാസ്
ജൂലി നെല്‍‌സണ്‍| Last Updated: വ്യാഴം, 29 ഡിസം‌ബര്‍ 2016 (12:49 IST)
മമ്മൂട്ടിയുടെ കരിയറിലെ ബ്ലോക് ബസ്റ്റര്‍ വിജയങ്ങളില്‍ ഒന്നായിരുന്നു 1990ല്‍ പുറത്തുവന്ന ‘കളിക്കളം’. നല്ലവനായ ഒരു കള്ളന്‍റെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കളിക്കളത്തിന് തിരക്കഥയെഴുതിയത് എസ് എന്‍ സ്വാമിയായിരുന്നു.

1990 ജൂണ്‍ 22നാണ് കളിക്കളം പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൃത്യമായ ഒരു പേരില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓരോ സാഹചര്യത്തിലും ഓരോ പേരാണ്. ശങ്കര്‍, ആന്‍റണി, ടോണി ലൂയിസ്, ഗൌതമന്‍, പപ്പന്‍, വാസുദേവന്‍, രാമകൃഷ്ണന്‍ എന്നിങ്ങനെയാണ് പേരുകള്‍. പല പേരുകളില്‍ മാത്രമല്ല, പല വേഷത്തിലും രൂപത്തിലും മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നുണ്ട്, മോഷണം നടത്തുന്നുണ്ട്.

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായി ശ്രീനിവാസന്‍ അഭിനയിച്ച സിനിമയില്‍ ശോഭനയായിരുന്നു നായിക. ആനി എന്നായിരുന്നു ശോഭനയുടെ കഥാപാത്രത്തിന്‍റെ പേര്. സി ഐ ശേഖരന്‍ എന്ന സുപ്രധാന കഥാപാത്രത്തെ മുരളി അവതരിപ്പിച്ചു.

സാധാരണ കുറ്റാന്വേഷണ സിനിമകളുടെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയുടെ വ്യത്യസ്തമായ ഒരു രചനയായിരുന്നു കളിക്കളം. സമൂഹത്തില്‍ അഴിമതി നടത്തുന്ന കോടീശ്വരന്‍‌മാരെയും പൊലീസിനെയും അതിവിദഗ്ധമായി കബളിപ്പിക്കുന്ന നന്‍‌മയുള്ള കള്ളനെ സൃഷ്ടിക്കുന്നതില്‍ സ്വാമി വിജയിച്ചു. പതിവ് രീതികളില്‍ നിന്ന് വേറിട്ട ട്രീറ്റ്മെന്‍റാണ് സത്യന്‍ അന്തിക്കാടും ഈ സിനിമയ്ക്കായി സ്വീകരിച്ചത്.

വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വഹിച്ച കളിക്കളത്തിന്‍റെ സംഗീതം ജോണ്‍സണായിരുന്നു. ആകാശഗോപുരം പൊന്‍‌മണിവീണയായ്, പൂത്താലം വലം‌കൈയിലേന്തി വാസന്തം എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.

ചിത്രം പുറത്തിറങ്ങി ആദ്യ കുറച്ചുദിവസം സമ്മിശ്ര പ്രതികരണമായിരുന്നു. എന്നാല്‍ പിന്നീട് പടം മെഗാഹിറ്റായി മാറി. മമ്മൂട്ടിയുടെ ആ നല്ലവനായ കള്ളനെ ഇന്നും സ്നേഹത്തോടെയാണ് പ്രേക്ഷകര്‍ സ്മരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :