കളമറിഞ്ഞുകളിക്കാന്‍ ഫഹദ്, അടുത്ത ചിത്രം സിദ്ദിക്കിന്‍റെ വക!

സിദ്ദിക്ക്, ഫഹദ് ഫാസില്‍, ഭാസ്കര്‍ ദി റാസ്കല്‍, മമ്മൂട്ടി, ദുല്‍ക്കര്‍
Last Updated: ബുധന്‍, 11 മാര്‍ച്ച് 2015 (18:33 IST)
വണ്‍ ബൈ ടു, മണിരത്നം, മറിയം മുക്ക്, ഹരം... ഫഹദ് ഫാസിലിന്‍റെ സമീപകാലത്തെ സിനിമകളെല്ലാം പരാജയങ്ങളാണ്. ഇതോടെ താരമൂല്യം കുത്തനെയിടിഞ്ഞ ഫഹദ് അഞ്ച് പുതിയ സിനിമകളുടെ അഡ്വാന്‍സ് തുകയാണ് മടക്കിനല്‍കിയത്. വിജയിക്കുമെന്ന് അത്ര ഉറപ്പില്ലാത്തതിനാലാണ് പണം തിരികെ നല്‍കിയതെന്നാണ് സൂചനകള്‍. ഇനി ഒരു മെഗാഹിറ്റിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് ന്യൂജെന്‍ സൂപ്പര്‍സ്റ്റാര്‍ ശ്രമിക്കുന്നത്. ഇതിനായി സംവിധായകന്‍ സിദ്ദിക്കിന്‍റെ സഹായമാണ് ഫഹദ് തേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചാലുടന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ദിക്ക് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് വാര്‍ത്തകളുണ്ട്. ഫഹദിനെ നായകനാക്കി ചെയ്യാനായി നേരത്തേ സിദ്ദിക്ക് ഒരു തിരക്കഥ തയ്യാറാക്കി വച്ചിരുന്നു. എന്നാല്‍ അന്ന് ഫഹദിന്‍റെ തിരക്കുകള്‍ കാരണം നടന്നില്ല. ഇപ്പോള്‍, വിജയവഴിയിലേക്ക് മടങ്ങിവരാന്‍ സിദ്ദിക്ക് സിനിമയേക്കാള്‍ നല്ല മറ്റൊരു മാര്‍ഗമില്ലെന്ന് ഫഹദ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗുരുപുത്രന്‍റെ തിരിച്ചുവരവിന് കളമൊരുക്കുന്നത് സന്തോഷത്തോടെയാണ് സിദ്ദിക്ക് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രൊജക്ട് ഫാസില്‍ നിര്‍മ്മിക്കുമെന്നും ചില റൂമറുകളുണ്ട്. സിദ്ദിക്കിന്‍റെ റാം‌ജിറാവു സ്പീക്കിംഗ്, ക്രോണിക് ബാച്‌ലര്‍ എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് ഫാസിലാണ്.

ഏപ്രില്‍ 10ന് സിദ്ദിക്കിന്‍റെ ഭാസ്കര്‍ ദി റാസ്കല്‍ പ്രദര്‍ശനത്തിനെത്തും. നയന്‍‌താര നായികയാകുന്ന സിനിമയിലെ വില്ലന്‍ ജെ ഡി ചക്രവര്‍ത്തിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :