കടയാടി ബേബിയും കുന്നേല്‍ ഔതക്കുട്ടിയും കരുതിയിരുന്നോ.... ചാക്കോച്ചി ഇറങ്ങിയിട്ടുണ്ട്!

സ്പിരിറ്റും രക്തവുമൊഴുക്കി ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും!

Lelam, Joshiy, Renji Panicker, Sureshgopi, Nithin, Kasaba, Mammootty, ലേലം, ജോഷി, രണ്‍ജി പണിക്കര്‍, സുരേഷ്ഗോപി, നിഥിന്‍, കസബ, മമ്മൂട്ടി
Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2016 (18:14 IST)
“എന്നെ അറിയും, അല്ലേ...? ആനക്കാട്ടില്‍ ചാക്കോച്ചി. ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍. Upcoming terror, കടയാടി തമ്പി. The cruel coldblooded കുന്നേല്‍ ഔതക്കുട്ടി. The ageing but fearless booze tycoon കുന്നേല്‍ മത്തച്ചന്‍. പിന്നെ, കള്ളുകച്ചവടക്കാര്‍ക്കിടയിലെ catastrophic don, the most dreaded self-style warlord, കടയാടി ബേബി. കരുത്തന്മാര്‍ ഇങ്ങനെ ഒത്തിരിപ്പേര്‍ ഉണ്ടായിട്ടും ഒടുക്കം ദാ വിഴുപ്പു ചുമക്കാന്‍ ഇവനെപ്പോലൊരു പരമ എരപ്പാളി, അല്ലേ?”

‘ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി ഒരിക്കല്‍ കൂടി വന്നാലോ? രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജിപണിക്കര്‍ അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം ഇടിത്തീപോലെ സുരേഷ്ഗോപി സ്ക്രീനില്‍ നിറയുന്ന ചിത്രമാകും ലേലം 2. രണ്‍ജി പണിക്കര്‍ തന്നെ ചിത്രത്തിന് തിരക്കഥ രചിക്കും.

വാക്കുകളില്‍ വെടിമരുന്ന് നിറച്ച് അത് നായകകഥാപാത്രങ്ങളുടെ നാവിന്‍‌തുമ്പിലെത്തിച്ച് തിയേറ്ററുകളില്‍ സ്ഫോടനം സൃഷ്ടിക്കുന്ന തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. സ്ഥിരമായി ഷാജി കൈലാസിന് വേണ്ടി എഴുതിക്കൊണ്ടിരുന്ന രണ്‍ജി പണിക്കര്‍ ആ പതിവ് വിട്ട് ജോഷിക്ക് ഒരു തിരക്കഥ എഴുതി നല്‍കാന്‍ തീരുമാനിക്കുന്നിടത്താണ് ‘ലേലം’ എന്ന സിനിമയുടെ തുടക്കം.

1997ലാണ് ജോഷിക്ക് രണ്‍ജി തിരക്കഥ നല്‍കിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയാണ് രണ്‍ജി തയ്യാറാക്കിയത്. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം.

പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സ്ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു.

സിനിമയുടെ ആദ്യപകുതിയില്‍ സ്കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി.

സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്‌ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. തകര്‍പ്പന്‍ ഡയലോഗുകളും ഉഗ്രന്‍ ആക്ഷന്‍ പെര്‍ഫോമന്‍സുമായി സുരേഷ്ഗോപി കസറി. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്.

അതേ, ‘ലേലം 2’ ഒരുങ്ങുന്നു. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2ല്‍ ലേലത്തിന്‍റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്‍റെ വേദനയായിരിക്കും.

കസബയ്ക്ക് തിരക്കഥയെഴുതിയത് നിഥിന്‍ തന്നെയായിരുന്നു. എന്നാല്‍ ലേലം 2 എഴുതുന്നത് രണ്‍ജി പണിക്കരാണ്. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും യഥേഷ്ടമുണ്ടാകുമെന്ന് സാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :