ഇളയദളപതിയെ തല്ലാത്ത വില്ലന്‍!

Last Updated: ചൊവ്വ, 15 ജൂലൈ 2014 (16:42 IST)
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'കത്തി'യില്‍ വില്ലന്‍ ഹിന്ദി താരം നീല്‍ നിതിന്‍ മുകേഷാണ്. നായകനായ ഇളയ ദളപതി വിജയെ വെല്ലുന്ന ലുക്ക് ആണ് ചിത്രത്തില്‍ വില്ലനായ നീലിന്. ഈ വില്ലന്‍ വേഷത്തിനായി ശരീരഭാരം 10 കിലോയാണ് നീല്‍ കുറച്ചത്.

നീല്‍ നിതിന്‍ മുകേഷിന്‍റെ ആദ്യ തമിഴ് ചിത്രമാണ് കത്തി. ചിത്രത്തില്‍ ഒരു ടിപ്പിക്കല്‍ വില്ലന്‍ കഥാപാത്രമല്ല നീലിന്‍റേത്. വിദേശത്തുനിന്ന് വരുന്ന ഒരു ഉത്തരേന്ത്യക്കാരനായാണ് നീല്‍ ഇതില്‍ അഭിനയിക്കുന്നത്. തമിഴ് ഗംഭീരമായി സംസാരിക്കും. ഹീറോയായ വിജയിനെ തല്ലുന്നില്ല എന്നതാണ് വില്ലന്‍റെ പ്രത്യേകത. വിജയ്ക്കെതിരെ ബുദ്ധികൊണ്ടാണ് നീലിന്‍റെ കളി.

കത്തിയുടെ ചിത്രീകരണം അതിന്‍റെ അവസാന ഘട്ടത്തിലാണ്. വിജയ് ഇതില്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. "കത്തിയില്‍ വിജയ് സാറിന് ഡബിള്‍ റോളുകളാണ് ഉള്ളത് - കതിരേശനും ജീവാനന്ദവും. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ അച്ഛനും മകനും ഒന്നുമല്ല. ഇത് അധോലോകത്തിന്‍റെ കഥയുമല്ല പറയുന്നത്. കഥ ചെന്നൈയില്‍ തുടങ്ങി ചെന്നൈയില്‍ അവസാനിക്കും." - മുരുഗദോസ് പറയുന്നു.

"തുപ്പാക്കിക്ക് ശേഷം വിജയ് സാറിനെ വച്ച് അടുത്ത പടം ചെയ്യാം എന്ന് തീരുമാനിച്ച സമയം. പ്രൊജക്ട് കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കഥ മുഴുവനായും പറയാം എന്ന് വിജയ് സാറിനോട് പറഞ്ഞു. അതിന്‍റെയൊന്നും ആവശ്യമില്ല, ഇപ്പോള്‍ തന്നെ ഞാന്‍ ആ പ്രൊജക്ടിന് സമ്മതം തരികയാണെന്ന് വിജയ് സാര്‍ മറുപടിയും പറഞ്ഞു. ഇല്ല, ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സാര്‍ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞിട്ട് കഥ പൂര്‍ണമായും പറഞ്ഞു. അതിനുശേഷം പുറത്തുവന്നപ്പോള്‍ എനിക്ക് വിജയ് സാര്‍ വക ഒരു മെസേജ് - "സൂപ്പര്‍ അണ്ണാ". തുപ്പാക്കിയുടെ കഥ കേട്ടിട്ടു പോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. വിജയ് സാര്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വ്യത്യസ്തമായ സിനിമയായിരിക്കും കത്തി" - മുരുഗദോസ് പറയുന്നു. നായികയാകുന്ന കത്തി ദീപാവലി റിലീസാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :