ഇനി തനി ഒരുവന്‍ മമ്മൂട്ടി!

Mammootty, Aravind Swami, Thani Oruvan, Bala, Mohanlal, മമ്മൂട്ടി, അരവിന്ദ് സ്വാമി, തനി ഒരുവന്‍, ബാല, മോഹന്‍ലാല്‍
Last Modified വെള്ളി, 20 നവം‌ബര്‍ 2015 (19:54 IST)
അതൊരു തിരിച്ചുവരവായിരുന്നു. അരവിന്ദ് സ്വാമി എന്ന ഒരുകാലത്തെ നായകതാരം, പിന്നീട് വല്ലപ്പോഴും വന്നും പോയും സാന്നിധ്യമറിയിച്ച താരം, തമിഴ് സിനിമയുടെ മുഖ്യധാരാ ഫോര്‍മുലകളെല്ലാം തകര്‍ത്തെറിഞ്ഞ് നടത്തിയ തിരിച്ചുവരവ്. ‘തനി ഒരുവന്‍’ എന്ന സിനിമ പൂര്‍ണമായും അരവിന്ദ് സ്വാമിയുടേതാണ്. അതില്‍ നായകന്‍ എന്ന ടൈറ്റില്‍ അവകാശപ്പെടാന്‍ മറ്റൊരാളുണ്ടെങ്കിലും. എന്തായാലും അരവിന്ദ് സ്വാമി തമിഴ് സിനിമയില്‍ വീണ്ടും സജീവമാകുന്നതായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ കേന്ദ്രമാക്കി ഒരുപാട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

അതിലൊന്ന് ഒരു വമ്പന്‍ പ്രൊജക്ടാണ്. സംവിധാനം സാക്ഷാല്‍ ബാല. ഈ ചിത്രത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഉണ്ടെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ മമ്മൂട്ടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിയും അരവിന്ദ് സ്വാമിയും ബാലയും ഒന്നിക്കുന്ന ഒരു പ്രൊജക്ടായി ഇത് വളര്‍ന്നാല്‍ അത് തമിഴ് സിനിമയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമായി മാറും. തനി ഒരുവനേക്കാള്‍ വലിയ ഒരു ഹിറ്റാണ് ഏവരും പ്രതീക്ഷിക്കുന്നത്. കാരണം, അരവിന്ദ് സ്വാമിക്കൊപ്പം വരുന്നത് ജയം രവിയല്ല, സാക്ഷാല്‍ മമ്മൂട്ടിയാണ് എന്നതുതന്നെ. വിശാല്‍, ആര്യ, അഥര്‍വ, റാണ ദഗ്ഗുബാട്ടി തുടങ്ങിയ വമ്പന്‍ താരനിര ഈ ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇളയരാജ ചിത്രത്തിന് സംഗീതം നല്‍കുമെന്നും വിവരമുണ്ട്.

മമ്മൂട്ടിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നത് ഇതാദ്യമല്ല. അരവിന്ദ് സ്വാമിയുടെ ആദ്യ തമിഴ് ചിത്രമായ ദളപതിയിലെ ഒരു നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീട് സെല്‍‌വ സംവിധാനം ചെയ്ത ‘പുതയല്‍’ എന്ന ചിത്രത്തിലും മമ്മൂട്ടിയും അരവിന്ദ് സ്വാമിയും ഒന്നിച്ചു. സമീപകാലത്തെങ്ങും തമിഴകത്തിന്റെ ഭാഗമാകാതിരുന്ന മമ്മൂട്ടി ഈ ബാല ചിത്രത്തിലൂടെ വീണ്ടും തമിഴ് സിനിമയില്‍ തരംഗം സൃഷ്ടിക്കുമോ എന്ന് കാത്തിരിക്കുകയാണ് കോളിവുഡ്. ദുല്‍ക്കര്‍ സല്‍മാന്‍ 'ഒ കെ കണ്‍മണി'യിലൂടെ തമിഴരുടെ ഹൃദയം കവര്‍ന്നതിന് ശേഷം മമ്മൂട്ടിയെയും വീണ്ടും സ്വീകരിക്കാന്‍ വെമ്പിയിരിക്കുകയാണ് തമിഴ്‌നാട്.

സേതു, പിതാമഹന്‍, നന്ദ, നാന്‍ കടവുള്‍ തുടങ്ങിയ വമ്പന്‍ സിനിമകളുടെ സംവിധായകനായ ബാലയുടെ ഒരു സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന വാര്‍ത്ത എന്തായാലും നല്ല സിനിമയെ സ്നേഹിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :