അന്ന് സുരേഷ്ഗോപി ചെയ്തത് ഇന്ന് സൂര്യ ചെയ്യുന്നു!

സുരേഷ്ഗോപി, സൂര്യ, അഞ്ചാന്‍, ലിംഗുസാമി, ലാല്‍ ജോസ്
Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (20:14 IST)
2001ലാണ് 'രണ്ടാം ഭാവം' എന്ന സുരേഷ്ഗോപിച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു ഒന്നാന്തരം ആക്ഷന്‍ ഡ്രാമ. ലാല്‍ ജോസിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന് പിന്നീട് വാഴ്ത്തപ്പെട്ട ഈ ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയചിത്രം കൂടിയാണ്.

കിഷന്‍ എന്ന അധോലോക നായകനെത്തേടി അദ്ദേഹത്തിന്‍റെ ഇരട്ടസഹോദരനായ അനന്തകൃഷ്ണന്‍ മംഗലാപുരത്തെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. കിഷനായും അനന്തുവായും സുരേഷ്ഗോപി നിറഞ്ഞുനിന്ന സിനിമയുടെ രചയിതാവ് രഞ്ജന്‍ പ്രമോദ് ആയിരുന്നു.

വര്‍ഷങ്ങള്‍ 13 കടന്നുപോയി. ഇതാ, സൂര്യയുടെ തമിഴ് ചിത്രം 'അഞ്ചാന്‍' പ്രദര്‍ശനത്തിനെത്തുകയാണ്. ഓഗസ്റ്റ് 15ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നു. അഞ്ചാന്‍റെ പുതിയ ട്രെയിലര്‍ കണ്ട മലയാളികള്‍ക്ക് ഒരു സംശയം, ഇത് നമ്മുടെ രണ്ടാം ഭാവം തന്നെയല്ലേ?

അധോലോക നായകനായ രാജു ഭായിയെത്തേടി മുംബൈയിലെത്തുന്ന സഹോദരന്‍ കൃഷ്ണനിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. രാജു ഭായിയായും കൃഷ്ണയായും അഭിനയിക്കുന്നു. അഞ്ചാന്‍ രണ്ടാം ഭാവത്തിന്‍റെ റീമേക്കാണോ? സംവിധായകന്‍ ലിംഗുസാമി ഇതുവരെ അങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.

എന്തായാലും രണ്ടാം ഭാവം മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത സിനിമയായിരുന്നു എങ്കില്‍ അഞ്ചാന്‍ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമാണ്. സാമന്ത നായികയായ സിനിമയുടെ ഛായാഗ്രഹണം സന്തോഷ് ശിവന്‍. സംഗീതം യുവന്‍ ഷങ്കര്‍ രാജ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :