“ഫഹദ് ഫാസില്‍ എന്തിനിങ്ങനെ ചെയ്യുന്നു?” - വമ്പന്‍ സംവിധായകര്‍ക്ക് അതൃപ്തി

Fahad Fazil, Single, Joshiy, Siddiq, Mammootty, Mohanlal, ഫഹദ് ഫാസില്‍, സിംഗിള്‍, ജോഷി, സിദ്ദിക്ക്, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (18:16 IST)
ഫഹദ് ഫാസില്‍ എന്താണിങ്ങനെ? മലയാളത്തിലെ വമ്പന്‍ സംവിധായകരെല്ലാം ഇക്കാര്യമാണ് ഇപ്പോള്‍ സംസാരവിഷയമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍‌കൂട്ടി തീരുമാനിച്ച പ്രൊജക്ടുകളില്‍ നിന്ന് അവസാന നിമിഷം പിന്‍‌മാറുന്നത് ഫഹദ് ശീലമാക്കിയതോടെ തങ്ങളുടെ സിനിമകളില്‍ ഇനി ഫഹദിനെ സഹകരിപ്പിക്കേണ്ടതുണ്ടോ എന്ന സംശയത്തിലാണ് സംവിധായകര്‍.

മലയാളത്തിലെ ഏറ്റവും വലിയ സംവിധായകരില്‍ ഒരാളായ ജോഷിയുടെ പ്രൊജക്‍ടാണ് ഏറ്റവും ഒടുവില്‍ ഫഹദ് വേണ്ടെന്നുവച്ചത്. 'സിംഗിള്‍’ എന്ന് പേരിട്ടിരുന്ന ഒരു റൊമാന്‍റിക് കോമഡിച്ചിത്രമായിരുന്നു അത്. ഡിസംബറില്‍ ചിത്രീകരണമാരംഭിക്കാന്‍ എല്ലാ കാര്യങ്ങളും റെഡിയാക്കി വരുമ്പോഴാണ് താന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറുകയാണെന്ന് ഫഹദ് ഫാസില്‍ അറിയിച്ചത്. അതോടെ ചിത്രം തന്നെ വേണ്ടെന്നുവയ്ക്കാന്‍ ജോഷി തീരുമാനിച്ചു.

‘ലൈലാ ഓ ലൈലാ’യുടെ കനത്ത പരാജയത്തിന് ശേഷം ഒരു വമ്പന്‍ തിരിച്ചുവരവിന് ശ്രമിച്ചിരുന്ന ജോഷിക്ക് ഫഹദിന്‍റെ പിന്‍‌മാറ്റം വലിയ തിരിച്ചടിയായി. ജോഷിയുടെ സിനിമയില്‍ നിന്ന് ഫഹദ് പിന്‍‌മാറിയത് സീനിയര്‍ സംവിധായകര്‍ക്കെല്ലാം അതൃപ്തിയുണ്ടാക്കിയിരിക്കുകയാണെന്നാണ് വിവരം.

സിദ്ദിക്ക് സംവിധാനം ചെയ്യാനിരുന്ന കോമഡിച്ചിത്രത്തില്‍ നിന്ന് അടുത്തിടെ ഫഹദ് ഫാസില്‍ പിന്‍‌മാറിയിരുന്നു. ഫാസിലിന്‍റെ ശിഷ്യന്‍ കൂടിയായ സിദ്ദിക്കിന്‍റെ സിനിമയില്‍ നിന്ന് ഫഹദ് പിന്‍‌മാറിയത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ശ്യാമപ്രസാദിന്‍റെ ഇവിടെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍ തുടങ്ങിയ സിനിമകള്‍ ഫഹദ് ഫാസില്‍ കമ്മിറ്റ് ചെയ്ത ശേഷം ഒഴിവാക്കിയ സിനിമകളുടെ ഗണത്തില്‍ പെടും.

ഫഹദ് ഫാസിലിനെപ്പോലെ അസാധാരണ പ്രതിഭയുള്ള ഒരു നടന്‍ സീനിയര്‍ സംവിധായകരെ പിണക്കുന്നത് ഭൂഷണമല്ലെന്നാണ് സിനിമാനിരീക്ഷകരുടെ അഭിപ്രായം. ഇപ്പോള്‍ തന്നെ വലിയ അപകടനിലയിലാണ് ഫഹദിന്‍റെ കരിയര്‍. അത് കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കങ്ങളാണ് താരത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അവര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :