‘പ്രേമം’ ട്രോളിന് നിവിന്‍ പോളിയോട് പ്രതികാരം തീര്‍ക്കാന്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് അവസരം!

പ്രേമം ട്രോളുകള്‍ നിവിന്‍ പോളിക്ക് തിരിച്ചടിയാകുമോ?

Premam, Nivin Pauly, Gautham Vasudev Menon, Sai Pallavi, Shruthi Hasan,  പ്രേമം, നിവിന്‍ പോളി, ഗൌതം വാസുദേവ് മേനോന്‍, സായ് പല്ലവി, ശ്രുതി ഹാസന്‍
Last Updated: വെള്ളി, 25 നവം‌ബര്‍ 2016 (16:04 IST)
മലയാളത്തിന്‍റെ ‘പ്രേമം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു. മലയാളത്തിലെ ട്രോളര്‍മാര്‍ ശരിക്ക് പണിയെടുത്തു. നിവിന്‍ പോളിയെയും നാഗചൈതന്യയെയും താരതമ്യം ചെയ്തുള്ള ട്രോളുകളില്‍ ശരിക്കും തെലുങ്ക് പ്രേമം ആടിയുലഞ്ഞു.

ഇങ്ങനെയൊന്നും ചെയ്യരുതെന്ന് തെലുങ്ക് പ്രേമത്തില്‍ മലര്‍ മിസിനെ അവതരിപ്പിച്ച ശ്രുതി ഹാസനുപോലും പറയേണ്ടി വന്നു. ട്രോളുകള്‍ ഏറെ വേദനിപ്പിച്ചതായി തെലുങ്ക് റീമേക്കിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

എന്തായാലും നിവിന്‍ പോളിയുടെ സിനിമ റീമേക്ക് ചെയ്ത് ട്രോള്‍ മഴ ഏറ്റുവാങ്ങിയവര്‍ക്ക് തിരിച്ച് ട്രോളാന്‍ ഒരു സുവര്‍ണാവസരം വരുന്നു. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് റൊമാന്‍റിക് കോമഡി സിനിമ ‘പെല്ലി ചൂപുളു’ നിവിന്‍ പോളി തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്.

സാക്ഷാല്‍ ഗൌതം വാസുദേവ് മേനോന്‍ ആണ് നിവിന്‍ പോളിയെ നായകനാക്കി ഈ സിനിമ തമിഴിലെടുക്കുന്നത്. വിക്രമിനെ നായകനാക്കിയുള്ള ‘ധ്രുവനക്ഷത്രം’ കഴിഞ്ഞാലുടന്‍ ഈ നിവിന്‍ പോളി ചിത്രത്തിനുവേണ്ടിയാകും ഗൌതം മെഗാഫോണ്‍ കൈയിലെടുക്കുക.

എന്തായാലും പെല്ലി ചൂപുളു (matchmaking എന്നാണ് ഈ തെലുങ്ക് പദത്തിന് അര്‍ത്ഥം) ആരാധകരായ തെലുങ്ക് പ്രേക്ഷകര്‍ക്ക് നിവിന്‍ പോളി ചിത്രത്തെ ട്രോളാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ട്രോളാന്‍ നിവിന്‍ പോളി നിന്നുകൊടുക്കുമോ അതോ ഒറിജിനലിനെ വെല്ലുന്ന റീമേക്ക് സൃഷ്ടിക്കുമോ എന്നൊക്കെ കാത്തിരുന്ന് കാണാം.

വാല്‍ക്കഷണം: 2016 ജൂലൈ ഒമ്പതിനാണ് പെല്ലി ചൂപുളു പ്രദര്‍ശനത്തിനെത്തിയത്. തരുണ്‍ ഭാസ്കര്‍, ദാസ്യം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയും റിതു വര്‍മയുമായിരുന്നു ജോഡി. വെറും 1.35 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമ 37 കോടി രൂപയാണ് കളക്ഷന്‍ നേടിയത്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :