ശ്വേതയും ബ്ലെസിയും ചെയ്തത് തെറ്റ്, കുഞ്ഞിന്‍റെ അവകാശം മാനിക്കണം!

WEBDUNIA|
PRO
ശ്വേതാ മേനോന്‍റെ പ്രസവവും ‘കളിമണ്ണ്’ എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ബ്ലെസി അത് ചിത്രീകരിച്ചതും ദേശീയ പ്രാധാന്യം നേടിയ വാര്‍ത്തയായിരുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ നടന്നു. ശ്വേതയുടേത് ധൈര്യപൂര്‍വമുള്ള തീരുമാനമെന്ന നിലയിലായിരുന്നു കൂടുതല്‍ അഭിപ്രായങ്ങളും.

അമ്മയും കുഞ്ഞും തമ്മിലുള്ള സവിശേഷമായ ബന്ധമാണ് കളിമണ്ണ് പ്രമേയമാക്കുന്നത്. ഈ സിനിമയുടെ രണ്ട് ഷെഡ്യൂളുകള്‍ കൂടി ഇനി പൂര്‍ത്തിയാകാനുണ്ട്. ശ്വേതയുടെ പ്രസവരംഗങ്ങള്‍ ബ്ലെസി അതീവ സുരക്ഷാലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഒട്ടൊക്കെ കെട്ടടങ്ങിയതിന് ശേഷം ഇപ്പോള്‍, നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്ത്രീയുടെ പ്രസവം ചിത്രീകരിക്കുന്നതും മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കുന്നതും അധാര്‍മികമാണെന്നാണ് കാര്‍ത്തികേയന്‍ തുറന്നടിച്ചിരിക്കുന്നത്. ഒരു സ്ത്രീ അതിന് സമ്മതിച്ചാല്‍ പോലും മികച്ച സിനിമകളെടുത്ത ഒരു സംവിധായകന്‍ അതിന് തയ്യാറാകരുതായിരുന്നു എന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

കുഞ്ഞുമായി സംസ്ഥാന അവാര്‍ഡ് വാങ്ങാന്‍ വന്നതും മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായെന്നും അതും ശരിയായ നടപടിയല്ലെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കി.

പ്രസവമുറിയിലെ സ്വകാര്യത വിപണനം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് നിയമവിദഗ്ധനും മുന്‍ എം പിയുമായ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. നടിക്ക് സ്വകാര്യത വേണ്ടെങ്കിലും കുഞ്ഞിന് അത് വേണമെന്നും ഭ്രൂണാവസ്ഥയില്‍ത്തന്നെ മനുഷ്യാവകാശം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാല്‍ക്കഷണം: ക്യാമറയ്ക്ക് മുന്നിലേക്ക് പിറന്നുവീണ കുഞ്ഞിന് സബെയ്‌ന എന്നാണ് പേര്. വിജയദശമി ദിനത്തിലാണ് കുഞ്ഞിന് സബെയ്‌ന എന്ന് പേരിട്ടത്. ശ്വേതയുടെ ഭര്‍ത്താവായ ശ്രീവത്സന്‍ മേനോനാണ് ഈ പേര് കണ്ടുപിടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :