വെളിപാടിന്റെ പുസ്തകം; മാസായി മോഹന്‍ലാല്‍

ഇത് മാസല്ല, മരണമാസാണ്!

അപര്‍ണ ഷാ| Last Updated: വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (16:33 IST)
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിക്കായി കാത്തിരിക്കുന്നവരെ പോലെയായിരുന്നു മോഹന്‍ലാല്‍ - ലാല്‍ ജോസ് ചിത്രത്തിനായി ആരാധകര്‍ കാത്തുകാത്തിരുന്നത്. ഒടുവില്‍ സിനിമ ഇന്നലെ റിലീസ് ആയി. മാസും മരണമാസും കൂടിയൊരു കിടിലന്‍ പടം.

തല്ലിപ്പൊളി പിള്ളേരുള്ള ഒരു കോളേജിലേക്ക് ഒരു ഘട്ടത്തില്‍ വൈസ് പ്രിന്‍സിപ്പളായി മോഹന്‍ലാല്‍ എത്തുന്നിടത്താണ് മൈക്കിള്‍ ഇടിക്കുളയും വെളിപാടിന്റെ പുസ്തകവും ജനിക്കുന്നത്. ശാന്ത സ്വഭാവക്കാരനായ ഇടിക്കുള പെട്ടന്ന് തന്നെ അധ്യാപകരുമായിട്ടും വിദ്യാര്‍ത്ഥികളുമായിട്ടും അടുക്കുന്നു. എല്ലാ കോളേജുകളിലും ഉള്ളത് പോലെ സമകാലികമായ ചില സംഭവങ്ങള്‍ ഇടിക്കുളയുടെ കോളേജിലും നടക്കുന്നു.

ഇടിക്കുളയ്ക്ക് തന്റേതായ ഒരു ശൈലി ഉണ്ട്. സംസാരത്തിലും പ്രവൃത്തിയിലും എല്ലാം. കോളേജില്‍ ചില സാമ്പത്തിക പ്രശ്നങ്ങള്‍ വരുന്നതോടെ ഇതു പരിഹരിക്കാനായി കുട്ടികളെല്ലാം കൂടി ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. ഒരു മുഴുനീള സിനിമ. സിനിമക്കുള്ളിലെ സിനിമ എന്ന രീതിയെ ശരിക്കും പ്രോത്സാഹിപ്പിക്കുക തന്നെ വേണം. ഇതിന് സംവിധായകന്‍ ഒരു കയ്യടി അര്‍ഹിക്കുന്നുണ്ട്. ഇവിടെയാണ് കഥ മറ്റൊരു റൂട്ടിലേക്ക് തിരിയുന്നത്.

ആ സിനിമയുടെ കഥ തേടിയുള്ള യാത്രത്തില്‍ ആ കഥ ഇടിക്കുളയുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇതിനിടയില്‍ ഇടിക്കുളയ്ക്കുണ്ടാകുന്ന ചില വെളിപാടുകളാണ് ചിത്രത്തില്‍ ഉള്ളത്. ആദ്യപകുതി കഴിയുമ്പോള്‍ ഉള്ള സീന്‍, ആ ഇന്റര്‍വെല്‍ സീന്‍ - അത് കിടിലന്‍ ആയിരുന്നു. ഏതൊരു മോഹന്‍ലാല്‍ ഫാനും കൊതിച്ചുപോകുന്ന, കോരിത്തരിക്കുന്ന മരണമാസ് രംഗം. ആദ്യ പകുതി ആവേശത്തില്‍ നിര്‍ത്തിയെങ്കിലും രണ്ടാം പകുതി പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. രണ്ടാം പാതി മുഴുവന്‍ ഇടിക്കുളയുടെ ചുമലില്‍ ആയിരുന്നു.

മിനിമം ഗ്യാരണ്ടിയുള്ള സംവിധായകനാണ് ലാല്‍ ജോസ്. എന്നാല്‍, മോഹന്‍ലാല്‍ എന്ന നടനെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. പതിവ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പോലെ ഈ ചിത്രത്തിലും പ്രേക്ഷകരെ കാത്തിരിക്കുന്നത് മോഹന്‍ലാല്‍ ഷോ തന്നെയാണ്, പ്രേത്യേകിച്ചു വൈകാരിക രംഗങ്ങളില്‍ താരം മികച്ചു നിന്നു.

അപ്പാനി രവിയെന്ന ശരത് കുമാറിനും ജൂഡ് ആന്റണിയ്ക്കും ചിത്രത്തില്‍ കാര്യമായിട്ടൊന്നും ചെയ്യാനില്ലായിരുന്നു. അങ്കമാലി ഡയറീസില്‍ ലിച്ചിയായി എത്തിയ അന്ന ഈ ചിത്രത്തിലും തന്റെ റോള്‍ മികച്ചതാക്കി. പ്രേം‌രാജിനെ അവതരിപ്പിച്ച സലിം‌കുമാറിന്റെ കയ്യില്‍ ആ റോള്‍ ഭദ്രമായിരുന്നു. ഹാസ്യത്തെ അവതരിപ്പിക്കുന്ന കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരാള്‍ ഇല്ലെന്ന് സലിം കുമാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. സിദ്ദിഖ്, ചെമ്പന്‍, അനൂപ് മേനോന്‍ എന്നിവര്‍ തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി.

വിഷ്ണു ശര്‍മയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. വിഷ്‌ണു ചിത്രത്തിനായി ഒരുക്കിയ ഫ്രെയിംസ് മികച്ചു നിന്നു. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും ചിത്രത്തോട് നീത് പുലര്‍ത്തി. ലാല്‍ ജോസ്‌ ചിത്രങ്ങളുടെയും പ്രധാന സവിശേഷതകളില്‍ ഒന്നാണ് ചിത്രത്തിലെ മികച്ച ഗാനങ്ങള്‍. ചിത്രത്തിലെ എല്ലാ ഗാനങ്ങളും മികച്ചു നിന്നു. ഷാന്‍ ചിത്രത്തിനായി ഒരുക്കിയ പശ്ചാത്തല സംഗീതവും കയ്യടി അര്‍ഹിക്കുന്നതാണ്.

എന്നിരുന്നാലും, ഒരു ലാല്‍ ജോസ് ചിത്രത്തിന്റെ ഫീല്‍ ലഭിച്ചില്ല എന്ന് തന്നെ പറയാം. പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ഓണത്തിന് കുടുംബവുമായി പോയി ആസ്വദിക്കാനുള്ള വകയൊക്കെ ചിത്രത്തിലുണ്ട്. ചെറിയ കഥയെ വലിയ കാന്‍‌വാസില്‍ ഒരുക്കിയപ്പോള്‍ ചിലയിടങ്ങളില്‍ പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ട്. സംവിധായകന്‍ തുടക്കം മുതലേ പറഞ്ഞിരുന്നു ‘ചിത്രം ഒട്ടും തന്നെ പ്രതിക്ഷയില്ലാതെ സമീപിച്ചാല്‍ തീര്ത്തും‍ സിമ്പിള്‍ ഫീല്‍ ഗുഡ് മൂവി ആയിരിക്കുമെന്ന്‘. അതു സത്യമാണ്. അമിത പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ആര്‍ക്കും ചിത്രം ഇഷ്ടപ്പെടും.
റേറ്റിങ്: 2.45/5


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :