വിളിച്ചത് ആരെന്നറിയുമോ? സാക്ഷാല്‍ വിജയ് സേതുപതി! - കിളിപോയ അനുഭവം പങ്കുവെച്ച് രാജേഷ് ശര്‍മ്മ

എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് അവള്‍ തുറിച്ചു നോക്കി, ഞാന്‍ പറഞ്ഞു - "വിജയ് സേതുപതി"!

aparna| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (14:00 IST)
വ്യത്യസ്ത അഭിനയം കൊണ്ടും അഭിനയിക്കാനറിയാത്ത വ്യക്തിത്വം കൊണ്ടും തമിഴ് ജനതയുടെ മനസ്സില്‍ ഇടം നേടിയ നടനാണ് വിജയ് സേതുപതി. ഒരു ദിവസം ഉച്ചയുറക്കത്തില്‍ നിന്നും നിങ്ങളെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ആ മഹാനടന്റെ കോള്‍ ആണെങ്കില്‍ എന്താകും അവസ്ഥ. ഇത്തരത്തില്‍ ഒരനുഭവമാണ് മലയാള നടന്‍ രാജേഷ് ശര്‍മ്മ പങ്കുവെക്കുന്നത്.

വിജയ് സേതുപതിയുടെ വിക്രംവേദയെന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ത്തു മുന്നേറുകയാണ്. ഇതിനിടയിലാണ് രാജേഷ് അഭിനയിച്ച സിഗൈ എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പറയാന്‍ അദ്ദേഹം രാജേഷിനെ വിളിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ തനിക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്നുവെന്നും രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

രാജേഷിന്റെ വാക്കുകളിലൂടെ:

ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുന്‍പ് സംഭവിച്ചു."സിഗൈ" എന്ന എന്റെ ആദ്യത്തെ തമിഴ് കണ്ട് തമിഴിന്റെ പ്രിയനടന്‍ വിജയ് സേതുപതി വിളിച്ചു. "ബ്രദര്‍, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്" കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി. ഉച്ചമയക്കത്തില്‍ കണ്ട സ്വപ്നമായിരുന്നോ അത്? മുന്നില്‍ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി. ഞാന്‍ പറഞ്ഞു, "വിജയ് സേതുപതി". ഞാന്‍ അവളുടെ കയ്യിലേക്ക് ഫോണ്‍ കൊടുത്തു. തമിഴറിയാത്ത അവള്‍ തമിഴില്‍ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോണ്‍ എന്റെ കയ്യില്‍ തന്ന് വീടിനുള്ളിൽ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.

ഒടുവില്‍ ചെന്നൈയില്‍ വെച്ച് കാണാമെന്ന ഉറപ്പില്‍ അദ്ദേഹം "ബൈ" പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം "കിളിരസ"മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )
ഞാനെന്റെ മോളോടു പറഞ്ഞു, "മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു". "വാ പപ്പേ, നമുക്ക് ഷട്ടിൽ കളിക്കാം". തമിഴ് നടികർ ബോധമില്ലാത്ത പെണ്ണ്!. "സിഗൈ" കണ്ട് എന്നെ വിളിക്കാൻ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്നേഹം...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :