വിജയ് അവതാരം രണ്ടേമുക്കാല്‍ മണിക്കൂര്‍!

വിജയ്, കത്തി, മുരുഗദോസ്, മമ്മൂട്ടി, മണിരത്നം
Last Updated: ബുധന്‍, 15 ഒക്‌ടോബര്‍ 2014 (15:26 IST)
ലൈക എന്ന നിര്‍മ്മാണക്കമ്പനിക്ക് ശ്രീലങ്കന്‍ സര്‍ക്കാരുമായി ചില ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് 'കത്തി' എന്ന സിനിമയുടെ റിലീസ് തടയുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, എന്ത് സംഭവിച്ചാലും ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇളയദളപതി വിജയ് വീണ്ടും എ ആര്‍ മുരുഗദോസുമായി കൈകോര്‍ക്കുന്ന 'കത്തി' പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ്.

ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും ആയിരത്തിലധികം തിയേറ്ററുകളില്‍ ഒക്ടോബര്‍ 22ന് കത്തി പ്രദര്‍ശനത്തിനെത്തും. ഒരു വിജയ് ചിത്രത്തിന് ഇത്രയും വലിയ റിലീസ് ഇതാദ്യമാണ്.

രണ്ടുമണിക്കൂര്‍ 45 മിനിറ്റാണ് 'കത്തി'യുടെ ദൈര്‍ഘ്യം. തുപ്പാക്കിയേക്കാള്‍ മികച്ച ഒരു എന്‍റര്‍ടെയ്നറായിരിക്കും കത്തി എന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു.

ഡബിള്‍ റോളിലാണ് വിജയ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. സമാന്തയാണ് നായിക. "കത്തിയില്‍ വിജയ് സാറിന് ഡബിള്‍ റോളുകളാണ് ഉള്ളത് - കതിരേശനും ജീവാനന്ദവും. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ അച്ഛനും മകനും ഒന്നുമല്ല. ഇത് അധോലോകത്തിന്‍റെ കഥയുമല്ല പറയുന്നത്. കഥ ചെന്നൈയില്‍ തുടങ്ങി ചെന്നൈയില്‍ അവസാനിക്കും." - എ ആര്‍ മുരുഗദോസ് പറയുന്നു.

"വിജയ് സാറിനൊപ്പം ചെയ്ത തുപ്പാക്കി മെഗാഹിറ്റായി. അതുകൊണ്ട് അടുത്ത പടത്തിന് കത്തി എന്ന് പേര് ഇരിക്കട്ടെ എന്നുകരുതി ഇട്ട പേരല്ല കത്തി. ഈ കഥയ്ക്കും കത്തി എന്ന ആയുധത്തിനും തമ്മില്‍ വലിയ ബന്ധമുണ്ട്. മനുഷ്യന്‍ കണ്ടുപിടിച്ച ആദ്യത്തെ ആയുധങ്ങളില്‍ ഒന്നാണ് കത്തി. ആ വിഷയത്തോട് കഥ ചേര്‍ന്നുനില്‍ക്കുന്നു" - മുരുഗദോസ് പറയുന്നു.

"തുപ്പാക്കിക്ക് ശേഷം വിജയ് സാറിനെ വച്ച് അടുത്ത പടം ചെയ്യാം എന്ന് തീരുമാനിച്ച സമയം. പ്രൊജക്ട് കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കഥ മുഴുവനായും പറയാം എന്ന് വിജയ് സാറിനോട് പറഞ്ഞു. അതിന്‍റെയൊന്നും ആവശ്യമില്ല, ഇപ്പോള്‍ തന്നെ ഞാന്‍ ആ പ്രൊജക്ടിന് സമ്മതം തരികയാണെന്ന് വിജയ് സാര്‍ മറുപടിയും പറഞ്ഞു. ഇല്ല, ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സാര്‍ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞിട്ട് കഥ പൂര്‍ണമായും പറഞ്ഞു. അതിനുശേഷം പുറത്തുവന്നപ്പോള്‍ എനിക്ക് വിജയ് സാര്‍ വക ഒരു മെസേജ് - "സൂപ്പര്‍ അണ്ണാ". തുപ്പാക്കിയുടെ കഥ കേട്ടിട്ടു പോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. വിജയ് സാര്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വ്യത്യസ്തമായ സിനിമയായിരിക്കും കത്തി" - മുരുഗദോസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :