രണ്‍ജി പണിക്കരുടെ തീപ്പൊരി ഡയലോഗിലും പ്രണയം!

രണ്‍ജി പണിക്കര്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, വിനീത്, നമിത, മോഹന്‍ലാല്‍
Last Updated: ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (21:09 IST)
ഒരു ഡയലോഗില്‍ നിന്നോ പാട്ടിന്‍റെ വരികളില്‍ നിന്നോ ഒക്കെ സിനിമയ്ക്ക് പേര് കണ്ടെത്തുന്നത് ആദ്യമല്ല. തേന്‍‌മാവിന്‍ കൊമ്പത്ത് എന്ന മെഗാഹിറ്റ് സിനിമയുടെ പേര് മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഗാനത്തില്‍ നിന്നുമാണ് ലഭിച്ചത്. തമിഴില്‍ ഇത് പതിവാണ്. 'വിണ്ണൈത്താണ്ടി വരുവായാ' പോലെയുള്ള പേരുകള്‍ ഉദാഹരണം.

ഇതൊക്കെ കാവ്യാത്മകമായ പേരുകള്‍. എന്നാല്‍ ഒരു ആക്ഷന്‍ സിനിമയുടെ തീപ്പൊരി ഡയലോഗില്‍ നിന്ന് ഒരു പ്രണയകഥ പറയുന്ന സിനിമയ്ക്കുള്ള പേര് കണ്ടുപിടിക്കാമോ? ശ്രമകരമായ ജോലിയാണ്. രണ്‍ജി പണിക്കരെ പോലെ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുന്ന ഒരു തിരക്കഥാകൃത്തിന്‍റെ ഏറ്റവും പ്രശസ്തമായ ഡയലോഗ് ഇപ്പോല്‍ ഒരു ലവ് സ്റ്റോറിക്ക് പേര് ആയി മാറിയിരിക്കുകയാണ്.

"ഓര്‍മ്മയുണ്ടോ ഈ മുഖം?" !

സുരേഷ്ഗോപിയുടെ ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്‍റെ ഉജ്ജ്വലമായ ഈ ഡയലോഗ് ഒരു പ്രണയസിനിമയുടെ പേരായി മാറിയിരിക്കുന്നു. അന്‍‌വര്‍ സാദിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും പ്രമോദുമാണ് പ്രണയജോഡി. ഈ സിനിമയ്ക്കായി എല്ലാവരും ചേര്‍ന്ന് പേര് ആലോചിക്കുമ്പോള്‍ ആരോ തമാശയായി പറഞ്ഞ പേരാണ് - ഓര്‍മ്മയുണ്ടോ ഈ മുഖം?

പിന്നീട് വിനീത് ശ്രീനിവാസനും ഈ പേര് തന്നെ നിര്‍ദ്ദേശിച്ചപ്പോള്‍ ഇത് തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു സുരേഷ്ഗോപി സ്റ്റൈല്‍ ആക്ഷന്‍ ചിത്രമായിരിക്കുമോ എന്ന് പ്രേക്ഷകര്‍ക്ക് സംശയമുണ്ടാകാതിരിക്കാനായി അണിയറപ്രവര്‍ത്തകര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. ഈ പഞ്ച് ഡയലോഗിന് ഒരു റൊമാന്‍റിക് ഫീല്‍ നല്‍കുന്ന പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുകയും ഇപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലൂടെ ഏവരും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

നവംബറിലാണ് 'ഓര്‍മ്മയുണ്ടോ ഈ മുഖം?' പ്രദര്‍ശനത്തിനെത്തിക്കുന്നത്. എന്തായാലും ഇംഗ്ലീഷ് ടൈറ്റിലുകള്‍ ട്രെന്‍ഡായി മാറിയ ഈ കാലത്ത് പഞ്ച് ഡയലോഗില്‍ നിന്നും പ്രണയം നിറഞ്ഞുനില്‍ക്കുന്ന ഒരു ടൈറ്റില്‍ കണ്ടെത്തിയ അന്‍‌വര്‍ സാദിക്കും കൂട്ടരും അഭിനന്ദനമര്‍ഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :