രചന എംടി, സംവിധാനം ഹരിഹരന്‍; സിനിമ രണ്ടാമൂഴം

WEBDUNIA|
PRO
PRO
‘രചന എംടി, സംവിധാനം ഹരിഹരന്‍’ - ഈ ടൈറ്റില്‍ വെള്ളിത്തിരയില്‍ തെളിഞ്ഞപ്പോഴൊക്കെ ആഹ്ലാദിച്ച് കയ്യടിച്ചവരാണ് മലയാളികള്‍. എംടി വാസുദേവന്‍ നായരും ഹരിഹരനും ഒന്നിച്ചപ്പോഴൊക്കെ മലയാ‍ള സിനിമയില്‍ അത് ചരിത്രവുമായിട്ടുണ്ട്. ഈ കൂട്ടുകെട്ട് ഒരുക്കിയ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങളെല്ലാം തന്നെ മെഗാഹിറ്റുകളാണ്. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയവയാണ് ഈ ചിത്രങ്ങള്‍ എന്നതാണ് പ്രധാന പ്രത്യേകത.

വെള്ളിത്തിരയില്‍ ദൃശ്യവിസ്മയം തീര്‍ക്കാന്‍ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. എംടിയുടെ മികച്ച നോവലുകളിലൊന്നായ ‘രണ്ടാമൂഴം’ സിനിമയാക്കാനാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാരചനയില്‍ എംടി മുഴുകിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി എംടിയുടെ വീട്ടില്‍ ഹരിഹരന്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

മലയാളത്തിന്‌ പുറമെ ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യന്‍ ഭാഷകളിലും ‘രണ്ടാമൂഴം’ ഒരുക്കാനാണ് ആലോചന. അന്യഭാഷകളില്‍ നിന്നുമുള്ള പ്രമുഖ അഭിനേതാക്കളെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എങ്കിലും മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കും ഭീമനെ അവതരിപ്പിക്കുക എന്നാണ് ഇപ്പോള്‍ അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :