മോഹന്‍ലാല്‍ സിനിമകളുടെ എണ്ണം കുറയ്ക്കില്ല !

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയറാം
Last Modified വെള്ളി, 15 മെയ് 2015 (17:59 IST)
സൂപ്പര്‍താരങ്ങള്‍ സെലക്ടീവാകണമെന്ന് പ്രേക്ഷകരും ആരാധകരും എപ്പോഴും ആവശ്യപ്പെടുന്നതാണ്. തമിഴകത്തും ബോളിവുഡിലുമൊക്കെ വര്‍ഷത്തില്‍ പരമാവധി ഒരു ചിത്രം മാത്രം ചെയ്യാന്‍ സൂപ്പര്‍സ്റ്റാറുകള്‍ ശ്രമിക്കുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഒരു വര്‍ഷം ആറും ഏഴും ചിത്രങ്ങള്‍ ചെയ്യുന്നു. അവയില്‍ പലതും കലാപരമായും സാമ്പത്തികമായും പരാജയപ്പെടുകയും ചെയ്യുന്നു.

താന്‍ സിനിമകളുടെ എണ്ണം കുറയ്ക്കില്ല എന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. “മലയാളത്തില്‍ വളരെക്കുറച്ച് താരങ്ങളേയുള്ളൂ. ഒരുപാട് സിനിമകള്‍ ഉണ്ട്. നമ്മള്‍ ഒന്നുരണ്ട് സിനിമകളില്‍ മാത്രം ഒതുങ്ങിയാല്‍ ഒരുപാട് പേര്‍ക്ക് ജോലിയില്ലാതെയാകും. പ്രൊഡക്ഷന്‍ കമ്പനികളുമായി നമുക്ക് ഒരുപാട് കമ്മിറ്റ്മെന്‍റ്സ് ഉണ്ട്. അതുകൊണ്ട് ഞാന്‍, മാക്സിമം നല്ല സിനിമ ചെയ്യാന്‍ ശ്രമിക്കാം. അതേ പറയാനാകൂ” - അടുത്തിടെ ഒരു കന്നഡ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

“സംവിധായകനെ വിശ്വസിച്ചാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. സിനിമയെ ഒരു പരിധി വരെയേ നമുക്ക് തെരഞ്ഞെടുക്കാനാവൂ. അല്ലെങ്കില്‍ നമ്മള്‍ സ്വന്തം സിനിമ മാത്രമേ ചെയ്യാവൂ. ഡയറക്ടര്‍ പറയുന്നതിനെ വിശ്വസിക്കും. കാരണം, നമ്മളോട് കഥ പറയുന്നതുപോലെയാവില്ല ഷൂട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ വ്യൂ തന്നെയാകും അവസാനം വരുന്നത്” - മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാലിന്‍റേതായി ഈ വര്‍ഷം ഇതുവരെ മൂന്നുസിനിമകള്‍ ഇറങ്ങി. രഞ്ജിത്തിന്‍റെ ‘ലോഹം’ ആണ് അടുത്തതായി പ്രദര്‍ശനത്തിനെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :