മണിരത്‌നത്തിന്‍റെ 'നായകന്‍' പോലും കോപ്പി, സംവിധായകന് രോഷം!

മണിരത്നം, നായകന്‍, കമല്‍‌ഹാസന്‍, മിഷ്കിന്‍, മമ്മൂട്ടി
Last Updated: ബുധന്‍, 26 നവം‌ബര്‍ 2014 (15:09 IST)
1987ലാണ് മണിരത്നം 'നായകന്‍' എന്ന സിനിമ പുറത്തിറക്കുന്നത്. തമിഴ് സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി അത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ കമല്‍ഹാസനെ തേടിയെത്തി. ഒട്ടേറെ ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചതിന് പുറമേ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആ വര്‍ഷത്തെ ഓസ്കര്‍ നാമനിര്‍ദ്ദേശവും നായകന്‍ ആയിരുന്നു.

ഇപ്പോള്‍, 27 വര്‍ഷങ്ങള്‍ക്ക് ശേഷം 'നായകന്‍' തമിഴ് സിനിമാലോകത്ത് തന്നെ വിമര്‍ശിക്കപ്പെടുകയാണ്. തനിക്കെതിരെ മോഷണക്കുറ്റം ആരോപിക്കുന്നവര്‍ മണിരത്‌നം - കമല്‍ഹാസന്‍ ടീമിന്‍റെ 'നായക'നെ വെറുതെ വിടുന്നതെന്തുകൊണ്ടാണെന്ന് ചോദിക്കുന്നത് സംവിധായകന്‍ മിഷ്കിന്‍!

കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തിലാണ് മിഷ്കിന്‍ 'നായക'നെതിരെ ആഞ്ഞടിച്ചത്. നായകന്‍ ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ കോപ്പിയാണെങ്കിലും അതിന് അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു എന്ന് മിഷ്കിന്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് മണിരത്നം കോപ്പിയടിച്ച് നായകന്‍ സൃഷ്ടിച്ചതെന്നും മിഷ്കിന്‍ പറയുന്നു.

എന്തുകൊണ്ടാണ് മറ്റ് സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതിനെ ആളുകള്‍ ഇങ്ങനെ ഇക്കാലത്തും കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും തമിഴ് സിനിമ ഇപ്പോഴും ആറ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ കുടുക്കില്‍ നിന്നും അകന്നിട്ടില്ലെന്നും മിഷ്കിന്‍ പറയുന്നു.

മിഷ്കിന്‍ സംവിധാനം ചെയ്ത 'പിസാസ്' ഉടന്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

അധോലോക നായകനായിരുന്ന വരദരാജന്‍ മുനിസ്വാമി മുതലിയാരുടെ ജീവിതമാണ് മണിരത്നം 'നായകന്‍' എന്ന സിനിമയ്ക്ക് ആധാരമാക്കിയതെങ്കിലും ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള - മരിയോ പുസോ ടീമിന്‍റെ 'ദി ഗോഡ്ഫാദര്‍' എന്ന സിനിമയായിരുന്നു ആ ചിത്രത്തിന്‍റെ ബേസ്. ഗോഡ്ഫാദറിന്‍റെ പ്രചോദനമെന്ന് ആരോപിക്കാമെങ്കിലും ഒരു സിനിമ എന്ന നിലയില്‍ സ്വന്തമായ മേല്‍‌വിലാസം സൃഷ്ടിച്ച ചിത്രം തന്നെയായിരുന്നു 'നായകന്‍' എന്നത് വിസ്മരിക്കുക വയ്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :