പ്രണയത്തിന്‍റെ ഡിവിഡി പോള്‍ കോക്സ് ആവശ്യപ്പെട്ടു?

WEBDUNIA|
PRO
‘പ്രണയം‘ എന്ന മലയാള സിനിമ ഏറെ പ്രശംസയും അതോടൊപ്പം വിമര്‍ശനങ്ങളും ലഭിച്ച ചിത്രമാണ്. മോഹന്‍ലാല്‍ - ബ്ലെസി ടീമിന്‍റെ നല്ല സിനിമ എന്ന് ഏവരും അംഗീകരിക്കുമ്പോള്‍ തന്നെ ഈ സിനിമയ്ക്ക് ‘ഇന്നസെന്‍‌സ്’ എന്ന ഓസ്ട്രേലിയന്‍ സിനിമയുമായുള്ള അസാധാരണമായ സാദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇന്നസെന്‍സ് കോപ്പിയടിച്ചാണ് ബ്ലെസി ‘പ്രണയം’ സൃഷ്ടിച്ചത് എന്നായിരുന്നു ആരോപണം. ‘കോപ്പിയടിച്ച സിനിമയ്ക്ക് അവാര്‍ഡ് നല്‍കുന്നത് ശരിയല്ല’ എന്ന് പ്രണയത്തെ പരാമര്‍ശിച്ച് നടന്‍ സലിം കുമാര്‍ കലാപത്തിനൊരുങ്ങിയതും സമീപകാലത്തായിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട്, ‘ഇന്നസെന്‍സ്’ എന്ന ഓസ്ട്രേലിയന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ പോള്‍ കോക്സ് ‘പ്രണയം’ എന്ന സിനിമയുടെ ഡി വി ഡി ആവശ്യപ്പെട്ടു എന്നതാണ്. ഈ വാര്‍ത്തയ്ക്ക് പക്ഷേ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ഇത് ബ്ലെസിയെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ് എന്നാണ് സിനിമാലോകം വിലയിരുത്തുന്നത്. ഇന്നസെന്‍സിന്‍റെ പകര്‍പ്പല്ല പ്രണയമെന്ന് ഇന്നസെന്‍സിന്‍റെ സംവിധായകന് തന്നെ ബോധ്യപ്പെടാനുള്ള അവസരമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതേസമയം, ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ജൂറി ചെയര്‍മാനായി നിയമിച്ചിരിക്കുന്നതും പോള്‍ കോക്സിനെയാണ്. മാത്രമല്ല, പോള്‍ കോക്സിന്‍റെ സിനിമകളുടെ ഒരു റെട്രോസ്പെക്ടീവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഇന്നസെന്‍സ്’ ആ റെട്രോസ്പെക്ടീവില്‍ പ്രദര്‍ശിപ്പിക്കും. അതോടെ പ്രണയവും ഇന്നസെന്‍സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സാധാരണ പ്രേക്ഷകര്‍ക്കും വിലയിരുത്താന്‍ ഒരു അവസരം ലഭിക്കുകയാണ്.

ഇന്നസെന്‍സും പ്രണയവും പറയുന്നത് കാലത്തെ അതിജീവിക്കുന്ന പ്രണയകഥയാണ്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ കാമുകീകാമുകന്‍‌മാര്‍ വീണ്ടും കണ്ടുമുട്ടുന്നതും ഇപ്പോള്‍ ഭര്‍തൃമതിയായ കാമുകിയോടുള്ള പ്രണയം അടക്കിവയ്ക്കാനാവാതെ വരുന്നതും പിന്നീടുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമൊക്കെയാണ് ഇന്നസെന്‍സിന്‍റെയും പ്രമേയം. റയില്‍‌വെ സ്റ്റേഷനിലും ബീച്ചിലുമൊക്കെ വച്ചുള്ള പ്രണയരംഗങ്ങള്‍ ഇന്നസെന്‍സിലുമുണ്ട്.

വാല്‍ക്കഷണം: ബ്ലെസിക്ക് ഇപ്പോള്‍ സമയം അത്ര നല്ലതല്ല. ‘കളിമണ്ണ്’ എന്ന പുതിയ ചിത്രം വലിയ വിവാദമായിരിക്കുകയാണ്. ചിത്രത്തില്‍ ശ്വേതാ മേനോന്‍റെ പ്രസവരംഗം ചിത്രീകരിച്ചതാണ് മലയാളക്കരയില്‍ വിവാദത്തീ ഉയര്‍ത്തിയിരിക്കുന്നത്. പോള്‍ കോക്സിനെ ചലച്ചിത്രോത്സവത്തിന്‍റെ ചെയര്‍മാനാക്കിയതും അദ്ദേഹത്തിന്‍റെ റെട്രോസ്പെക്ടീവില്‍ ഇന്നസെന്‍സ് ഉള്‍പ്പെടുത്തിയതും യാദൃശ്ചികമാണോ? ബ്ലെസിക്കെതിരെ ഏതെങ്കിലും ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? കാലം എല്ലാത്തിനും മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :