ദിലീപ് ക്ഷണിക്കുന്നു - വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ !

ദിലീപ്, വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍, സുന്ദര്‍ദാസ്, ബെന്നി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (15:26 IST)
ദിലീപിന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു സല്ലാപം എന്ന ചിത്രം. ‘കല്യാണരാമന്‍’ ആകട്ടെ ദിലീപിന്‍റെ ഏറ്റവും വലിയ മെഗാഹിറ്റുകളിലൊന്ന്. സല്ലാപത്തിന്‍റെ സംവിധായകനും കല്യാണരാമന്‍റെ തിരക്കഥാകൃത്തും ഒരുമിച്ചാലോ? അതില്‍ ദിലീപ് തന്നെ നായകനായാലോ? അതേ, അങ്ങനെയൊരു പ്രൊജക്ട് സംഭവിക്കുകയാണ്.

ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. ചിത്രത്തിന് ‘വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍’ എന്ന് പേരിട്ടു. പൂര്‍ണമായും സെന്‍‌ട്രല്‍ ജയിലിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

വൈശാഖ രാജന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഈ വര്‍ഷം അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. അടുത്തവര്‍ഷം ആദ്യം ചിത്രം പ്രദര്‍ശനത്തിനെത്തും.

സല്ലാപം, കുടമാറ്റം, വര്‍ണക്കാഴ്ചകള്‍, കുബേരന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്തിട്ടുണ്ട്. 2013ല്‍ ‘റബേക്ക ഉതുപ്പ് കിഴക്കേമല’ എന്ന ചിത്രമാണ് സുന്ദര്‍ദാസ് ഒടുവില്‍ സംവിധാനം ചെയ്തത്.

മന്ത്രമോതിരം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട്, സ്പാനിഷ് മസാല, സൌണ്ട് തോമ എന്നിവയാണ് ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ദിലീപ് ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :