WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
‘സാമ്രാജ്യം 2’ വരികയാണ്. അധോലോകത്തിന്റെ പുതിയ രക്തചരിതം പറയാന്‍. അലക്സാണ്ടര്‍ എന്ന അധോലോക ചക്രവര്‍ത്തിയുടെ മകന് - അധോലോകത്തിന്റെ രാജകുമാരന് ‘സാമ്രാജ്യം 2’ല്‍ ഭരണച്ചുമതലയേല്ക്കും.
തമിഴ് സംവിധായകന് പേരരശ് മലയാളത്തില്‍ ചെയ്യുന്ന ആദ്യചിത്രമാണ് ‘സാമ്രാജ്യം 2 - സണ്‍ ഓഫ് അലക്സാണ്ടര്‍’. ത്രിഷ ചിത്രത്തില്‍ നായികയാകുമെന്ന് അറിയിച്ചിട്ടുണ്ട്. ആരായിരിക്കും ചിത്രത്തിലെ നായകന്? അത് ദുല്‍ക്കര്‍ സല്മാന് തന്നെയായിരിക്കുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഒക്ടോബര്‍ അഞ്ചിന് ദുബായില്‍ നടക്കുന്ന സെലിബ്രിറ്റി ഷോയില്‍ ചിത്രത്തിലെ നായകനെ എന്തായാലും പ്രഖ്യാപിക്കുകയാണ്. പന്ത്രണ്ട് കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. ത്രിഷ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. മുമ്പ് പല തവണ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഇവിടേക്ക് ക്ഷണിച്ചെങ്കിലും ത്രിഷ ഒഴിഞ്ഞുമാറുകയായിരുന്നു.
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന് സംവിധാനം ചെയ്ത സാമ്രാജ്യം എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് സാമ്രാജ്യം 2 - സണ്‍ ഓഫ് അലക്സാണ്ടര്‍. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന അധോലോക നായകന്റെ മകന് ആണ് സണ്‍ ഓഫ് അലക്സാണ്ടറിലെ നായകകഥാപാത്രം. തെന്നിന്ത്യയിലെ വമ്പന്മാരായ പ്രകാശ് രാജ്, അര്ജുന് എന്നിവര്‍ സണ്‍ ഓഫ് അലക്സാണ്ടറില്‍ അഭിനയിക്കും. വിജയരാഘവന്, ബിജു മേനോന്, മനോജ് കെ ജയന്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. മുഹമ്മദ് ഷഫീക്കാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
സംഗീത സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ ആര് എ സഹീര്‍. പശ്ചാത്തല സംഗീതം ഇളയരാജ. ശേഖര്‍ വി ജോസഫാണ് ഛായാഗ്രാഹകന്‍. ചിത്രീകരണം നവംബര്‍ 15ന് തുടങ്ങും. കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
സാമ്രാജ്യം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ജോമോന്റെ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്‍മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ജോമോന് ഒരുക്കി. എന്നാല്‍ ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്റെ വിജയം ആവര്‍ത്തിച്ചില്ല.