കേരളത്തിലെ തിയേറ്ററുകള്‍ ലേബര്‍ മുറിയാക്കാന്‍ അനുവദിക്കില്ല!

WEBDUNIA|
PRO
ബ്ലെസിയുടെ ‘കളിമണ്ണ്’ എന്ന സിനിമ ചിത്രീകരണത്തിന്‍റെ ആദ്യഘട്ടത്തിലാണ്. എന്നാല്‍ അത് വിവാദങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിമണ്ണ് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല എന്നാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ശ്വേതാ മേനോന്‍റെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചു എന്നതാണ് കളിമണ്ണിനെതിരെ ഫെഡറേഷന്‍ ആരോപിക്കുന്ന കുറ്റം.

കേരളത്തിലെ തിയേറ്ററുകള്‍ ലേബര്‍ മുറിയാക്കാന്‍ അനുവദിക്കില്ലെന്നാണ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ സ്വകാര്യതയെ സിനിമയുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തതെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. മേനോന്‍റെ പ്രസവരംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഫെഡറേഷനു കീഴിലുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നാണ് ബഷീര്‍ പറഞ്ഞിരിക്കുന്നത്.

ശ്വേതാ മേനോന്‍റെ പ്രസവം സിനിമയ്ക്കായി ചിത്രീകരിച്ചതിനെതിരെ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കാഴ്ച, താന്‍‌മാത്ര പോലെ നല്ല സിനിമകള്‍ ചെയ്ത ബ്ലെസി ഇങ്ങനെയൊരു സിനിമയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ വനിതാ സംഘടനകള്‍ രംഗത്തുവരണമെന്നും കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രസവരംഗങ്ങള്‍ കാണിച്ച് തിയേറ്ററുകളില്‍ ആളെക്കൂട്ടേണ്ട ഗതികേട് തനിക്ക് വന്നിട്ടില്ലെന്നാണ് ബ്ലെസി പ്രതികരിച്ചത്. സിനിമയുടെ ഒരു ദൃശ്യമെങ്കിലും കാണാതെയാണ് എല്ലാവരും വിമര്‍ശിക്കുന്നതെന്നും തന്‍റെ മുന്‍ സിനിമകളില്‍ നിന്നും താന്‍ ഏതുതരം സിനിമകളുടെ ആളാണെന്ന് പൊതുജനത്തിന് ബോധ്യമുള്ളതായും ബ്ലെസി പറഞ്ഞിരുന്നു.

മാതൃത്വത്തിന്‍റെ മഹത്വം ലോകത്തെ അറിയിക്കാനായാണ് തന്‍റെ പ്രസവരംഗം ചിത്രീകരിക്കാന്‍ അനുമതി കൊടുത്തതെന്ന് ശ്വേതാ മേനോനും പറഞ്ഞിരുന്നു.

ശ്വേതാ മേനോന്‍റെ പ്രസവരംഗങ്ങള്‍ കളിമണ്ണ് എന്ന സിനിമയ്ക്കായി ചിത്രീകരിച്ചതില്‍ തെറ്റുണ്ടോ? അത് പിറന്നുവീണ കുഞ്ഞിന്‍റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കരുതുന്നുണ്ടോ? ഈ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ പ്രഖ്യാപനം അംഗീകരിക്കാവുന്നതാണോ? വായനക്കാര്‍ക്ക് കമന്‍റുകളിലൂടെ പ്രതികരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :