കാണ്ഡഹാര്‍ എനിക്ക് ചീത്തപ്പേരുണ്ടാക്കി: മേജര്‍ രവി

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
2010ലാണ് കാണ്ഡഹാര്‍ എന്ന മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങിയത്. മേജര്‍ രവി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ആദ്യമായി മലയാളത്തിലെത്തി. എട്ടരക്കോടി രൂപ മുതല്‍ മുടക്കിയ ഈ സിനിമ ബോക്സോഫീസില്‍ കനത്ത പരാജയമായി. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ‘മോശം ചിത്രം’ എന്ന് കാണ്ഡഹാറിനെ വിലയിരുത്തി.

മോഹന്‍ലാലും അമിതാഭ് ബച്ചനും അഭിനയിച്ചിട്ടും കാണ്ഡഹാര്‍ കനത്ത പരാജയമായത് എന്തുകൊണ്ട്? കീര്‍ത്തിചക്രയുടെ തുടര്‍ച്ചയായി ഒരുക്കിയിട്ടും എന്തുകൊണ്ട് പ്രേക്ഷകര്‍ ഈ സിനിമയെ തിരസ്കരിച്ചു? കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ പോലെ ത്രില്ലടിപ്പിക്കുന്ന ഒരു പ്രമേയമായിട്ടും സിനിമ ആകര്‍ഷകമല്ലാതെ പോയത് എന്തുകൊണ്ട്? ചോദ്യങ്ങള്‍ ഒരുപാടാണ്. അതിനൊക്കെ മറുപടി നല്‍കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി സംവിധായകന്‍ മേജര്‍ രവിയും.

“അമിതാ‍ഭ് ബച്ചനെ പോലെ ഒരാളെ കൈയില്‍ കിട്ടിയിട്ടും കാണ്ഡഹാര്‍ പരാജയപ്പെട്ടെങ്കില്‍ അത് എന്‍റെ തെറ്റാണ്. പിന്നെ ആ പടത്തിന്‍റെ യോഗം. എനിക്ക് ചീത്തപ്പേരു കൊണ്ടുവന്ന ചിത്രമാണത്. സല്‍പ്പേരുതന്നതും ഈശ്വരനാണ്, ദുഷ്പേര് തന്നതും ഈശ്വരനാണ്. കാണ്ഡഹാറിന്‍റെ പരാജയത്തേക്കുറിച്ച് ഞാന്‍ ഈശ്വരനോട് പറഞ്ഞത് ‘ഇതെന്‍റെ തെറ്റാണ്, മാപ്പാക്കണം’ എന്നാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു.

“മലയാള സിനിമയില്‍ ഹിന്ദി ഉപയോഗിച്ചത് തെറ്റായിപ്പോയെന്ന് മനസിലാക്കിയത് വൈകിയാണ്. ബച്ചന്‍ പ്രത്യക്ഷപ്പെടുന്ന പത്തുമിനിട്ട് ഹിന്ദി അറിയാവുന്നവര്‍ മനസില്‍ തട്ടി കരഞ്ഞിട്ടുണ്ട്. ഹിന്ദി അറിഞ്ഞുകൂടാത്തവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ബച്ചന്‍ പറഞ്ഞ ഡയലോഗ് ശരിക്കും കരളലിയിക്കുന്നതായിരുന്നു. അത് സ്വീകരിക്കപ്പെടാതെ പോയത് എന്‍റെ നിര്‍ഭാഗ്യം” - മേജര്‍ രവി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :