ഓട്ടോഗ്രാഫിനും സെല്‍‌ഫിക്കും കുട്ടികളില്‍ നിന്ന് പണം വാങ്ങി മോഹന്‍ലാല്‍!

മോഹന്‍ലാല്‍ ഓട്ടോഗ്രാഫിന് പണം വാങ്ങി?!

Mohanlal, Oppam, Priyadarshan, Innocent, Mammootty, Modi, മോഹന്‍ലാല്‍, ഒപ്പം, പ്രിയദര്‍ശന്‍, ഇന്നസെന്‍റ്, മമ്മൂട്ടി, മോദി
അനില്‍ ഭാസ്കര്‍ തിരുനെല്ലി| Last Modified വെള്ളി, 24 ജൂണ്‍ 2016 (15:16 IST)
ഓട്ടോഗ്രാഫിനും സെല്‍ഫിക്കും മോഹന്‍ലാല്‍ കുട്ടികളില്‍ നിന്ന് പണം വാങ്ങി. ഇങ്ങനെയൊരു കാര്യം കേട്ടാല്‍ മലയാളികള്‍ ആരും വിശ്വസിക്കില്ലെന്ന് ഉറപ്പ്. മോഹന്‍ലാല്‍ എന്ന നടനേക്കാള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അടുത്തറിയുന്നവരാണ് മലയാളികള്‍ ഓരോരുത്തരും. എന്തിന് ഓരോ കൊച്ചുകുട്ടി പോലും.

പറഞ്ഞുവരുന്നത് രസകരമായ ഒരു സംഭവത്തേക്കുറിച്ചാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയില്‍ നടക്കുകയാണല്ലോ. അവിടെ മോഹന്‍ലാലിന്‍റെ ഓട്ടോഗ്രാഫിനും മോഹന്‍ലാലിനൊപ്പം നിന്ന് സെല്‍‌ഫിയെടുക്കാനുമായി കുട്ടികള്‍ ഏറെപ്പേര്‍ എത്തി.

അപ്പോള്‍ മോഹന്‍ലാല്‍ ഒരു കുസൃതി കാണിച്ചു. ഓട്ടോഗ്രാഫൊക്കെ തരാം, പക്ഷേ പണം വേണമെന്ന് ആവശ്യപ്പെട്ടു. പാവം കുട്ടികള്‍ ഇപ്പോള്‍ പണമില്ലെന്നും അടുത്ത ദിവസം തരാമെന്നും പറഞ്ഞു. ആ ഉറപ്പില്‍ മോഹന്‍ലാല്‍ ഓട്ടോഗ്രാഫ് നല്‍കി.

പിറ്റേദിവസം, ഫോട്ടോയെടുക്കണമെന്ന ആവശ്യവുമായി കുട്ടികള്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു - “ഇന്നലെ പറഞ്ഞ പണമെവിടെ?”. കുട്ടികള്‍ അവിടുന്നുമിവിടുന്നും തപ്പിപ്പെറുക്കി ഇരുപത്തിരണ്ടര രൂപ എടുത്ത് മോഹന്‍ലാലിന്‍റെ കൈയില്‍ കൊടുത്തു. അദ്ദേഹം അത് ഭാവവ്യത്യാസമൊന്നുമില്ലാതെ തന്നെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന് കൈമാറി.

പിന്നീട് മഴവന്ന് ഷൂട്ടിംഗ് മുടങ്ങിയപ്പോഴും സെല്‍‌ഫി ആവശ്യവുമായി കുട്ടികളെത്തി. ഇത്തവണ മോഹന്‍ലാല്‍ ചോദിക്കുന്നതിന് മുമ്പുതന്നെ കൈയിലിരുന്ന നാണയങ്ങള്‍ മോഹന്‍ലാലിന് മുന്നില്‍ വച്ചു. എണ്ണിനോക്കിയപ്പോള്‍ 25 രൂപ. “ഓകെ. എന്നാലിനി ഫോട്ടോയെടുക്കാം” എന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

അവരുടെ ആവശ്യത്തിന് അനുസരിച്ച് മോഹന്‍ലാല്‍ ഫോട്ടോയ്ക്ക് നിന്നുകൊടുത്തപ്പോള്‍ കുട്ടികള്‍ക്ക് അതീവ സന്തോഷമായി. ഫോട്ടോയെടുത്തുകഴിഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ വിളിച്ച് അവരുടെ കൈയില്‍ നിന്ന് വാങ്ങിയ മുഴുവന്‍ പണവും തിരികെ കൊടുത്തു. അവരോട് സ്നേഹത്തോടെ സംസാരിച്ച് സന്തോഷത്തോടെ യാത്രയാക്കുകയും ചെയ്തു.

അപ്പോഴേക്കും അസിസ്റ്റന്‍റ് ഡയറക്ടറുടെ വിളിയെത്തി - “ഷോട്ട് റെഡി സര്‍”.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :