'ഐ' വരുന്നത് പൊങ്കലിന്, നേരിടാനുറച്ച് അജിത്!

ഐ, അജിത്, ഷങ്കര്‍, വിക്രം, ഗൌതം വാസുദേവ് മേനോന്‍
Last Updated: ചൊവ്വ, 25 നവം‌ബര്‍ 2014 (15:46 IST)
ഒടുവില്‍ തീരുമാനമായി. 180 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഷങ്കര്‍ ചിത്രം 'ഐ' പൊങ്കല്‍ ദിനത്തില്‍ (ജനുവരി 14) പ്രദര്‍ശനത്തിനെത്തും. ഈ സിനിമ ക്രിസ്മസിനെത്തിക്കാനുള്ള ശ്രമം നടന്നെങ്കിലും പശ്ചാത്തല സംഗീതവും മറ്റ് കാര്യങ്ങളും അതിനുമുമ്പ് പെര്‍ഫെക്ടായി നല്‍കാനാവില്ല എന്ന് മനസിലാക്കിയാണ് ഇപ്പോള്‍ ജനുവരി 14 എന്ന് ഡേറ്റുറപ്പിച്ചിരിക്കുന്നത്.

വിക്രം നായകനാകുന്ന ഐയില്‍ എമി ജാക്സനാണ് നായിക. മേക്കപ്പിന്‍റെയും സ്പെഷ്യല്‍ ഇഫക്ട്സിന്‍റെയും ഇന്ത്യന്‍ വിസ്മയമായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്
പി സി ശ്രീറാമാണ് ക്യാമറ ചലിപ്പിക്കുന്നത്.

ഈ വമ്പന്‍ ചിത്രത്തോട് മത്സരിക്കാന്‍ തയ്യാറാകാതെ പല ചിത്രങ്ങളും പൊങ്കല്‍ റിലീസ് എന്ന മോഹം ഉപേക്ഷിക്കുകയാണ്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ആ സമയത്ത് കൂടുതല്‍ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ മറ്റ് ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ പോലും ലഭ്യമാകാന്‍ ബുദ്ധിമുട്ടും. എന്നാല്‍ തല അജിത് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.

അജിത് നായകനാകുന്ന 'യെന്നൈ അറിന്താല്‍' ജനുവരി 14ന് തന്നെ റിലീസ് ചെയ്യും. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റേണ്ടതില്ലെന്നാണ് തീരുമാനം.

ഹാരിസ് ജയരാജ് സംഗീതം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ അനുഷ്ക ഷെട്ടിയും ത്രിഷയുമാണ് നായികമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :