ഉണ്ണിത്താനെ കൊണ്ടുവന്നത് ഷാജി കൈലാസ്, വന്നപ്പോള്‍ പോകുന്നതും ഷാജി!

രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാജി കൈലാസ്, മാണി, തിരുവഞ്ചൂര്‍, ബാര്‍, ജോര്‍ജ്
Last Modified ശനി, 21 മാര്‍ച്ച് 2015 (19:32 IST)
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നവരുടെ കൂട്ടത്തില്‍ സംവിധായകന്‍ ഷാജി കൈലാസുണ്ട് എന്നതാണ് ഏറ്റവും കൌതുകകരമായ കാര്യം. കാരണം, ഉണ്ണിത്താന്‍റെ സിനിമയിലെ ഗുരു ഷാജി കൈലാസാണ് എന്നതുതന്നെ!

ഷാജി സംവിധാനം ചെയ്ത ‘ ദി ടൈഗര്‍’ എന്ന സിനിമയിലൂടെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സിനിമാലോകത്തെത്തുന്നത്. ആ സിനിമയില്‍ മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിച്ചുതകര്‍ത്തു ഉണ്ണിത്താന്‍. അല്‍പ്പം വില്ലന്‍ പരിവേഷമുള്ള മുഖ്യമന്ത്രിക്കഥാപാത്രത്തെയാണ് ടൈഗറില്‍ ഷാജി ഉണ്ണിത്താന് സമ്മാനിച്ചത്.

ടെലിവിഷന്‍ ചര്‍ച്ചകളില്‍ കത്തിക്കയറുന്ന ഉണ്ണിത്താന്‍ ശൈലി ഇഷ്ടപ്പെട്ടാണ് ടൈഗറിലേക്ക് ഷാജി കൈലാസ് ഉണ്ണിത്താനെ വിളിക്കുന്നത്. ഇടതുപക്ഷ ചിന്തകനും സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനായിരുന്നു ടൈഗറിന്‍റെ തിരക്കഥ രചിച്ചത്.

എന്തായാലും കെ എസ് എഫ് ഡി സി ചെയര്‍മാന്‍ പദവിയിലേക്ക് ഉണ്ണിത്താന്‍ വരുന്നതില്‍ ഷാജിക്ക് തീരെ താല്‍പ്പര്യമില്ല. സാബു ചെറിയാനെ മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനാക്കുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ് ബോര്‍ഡിലെ സിനിമാക്കാരായ മണിയന്‍പിള്ള രാജുവും എസ് കുമാറും ഷാജി കൈലാസും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. തങ്ങള്‍ രാജിവെയ്ക്കുന്ന ഒഴിവിലേക്കും രാഷ്ട്രീയക്കാരെ നിയമിക്കാമെന്നാണ് മണിയന്‍ പിള്ള രാജു പരിഹസിച്ചത്.

എന്നാല്‍, 17 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തന്നെ കലാകാരനായി അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.

ചിത്രത്തിന് കടപ്പാട്: കൈരളി ടി വി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :