ഭൂമിയിലെ മാലാഖമാരുടെ ഈ കഥ കാണേണ്ടത് തന്നെ, പറയാൻ വാക്കുകളില്ല അതിഗംഭീരം!

ടേക്ക് ഓഫ്‌ ഞെട്ടിച്ചു, അതിഗംഭീരം! മഹേഷ് നാരായണന് ഒരു ബിഗ് സല്ല്യൂട്ട്!

അപര്‍ണ ഷാ| Last Updated: വെള്ളി, 24 മാര്‍ച്ച് 2017 (14:33 IST)
മലയാള സിനിമയിലെ തന്നെ വഴിത്തിരിവായ ഏതെന്ന് ചോദിച്ചാൽ എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത് രാജേഷ് പിള്ളയുടെ ട്രാഫിക് ആയിരിക്കും. അതു പോലെ തന്നെ മറ്റൊരു വഴിത്തിരിവായിരിക്കും ടേക്ക് ഓഫ് എന്ന കാര്യത്തിൽ സംശയം വേണ്ട. മഹേഷ് നാരായണന് എന്തായാലും പണി അറിയാം. പുള്ളി ചുമ്മാ അങ്ങ് വന്നതല്ല എന്ന് തെളിയിച്ചിരിക്കുന്നു.

പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രമായ ചിത്രം ഓരോ സിനിമ പ്രേമികളും കണ്ടിരിക്കേണ്ടതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീര സിനിമ. മേക്കിങ്, ക്യാമറ, ബി ജി എം ഇതു മൂന്നും ഒരിക്കലും താരതമ്യം ചെയ്യാൻ പോലും കഴിയാത്ത അത്ര ഗംഭീരം. ഭൂമിയിലെ മാലാഖമാർ ഇറാഖിൽ അനുഭവിച്ച പ്രശ്നങ്ങളുടെ കഥ പറയുന്ന ഈ ചിത്രം കണ്ടിറങ്ങുന്നവരുടെ കണ്ണുകൾ നിറഞ്ഞിരിക്കും.

അഭിനയിച്ചവരിൽ ആരെയാണ് ശരിക്കും അഭിനന്ദിക്കേണ്ടതെന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. അത്രയ്ക്ക് മനോഹരമായിരുന്നു ഓരോരുത്തരുടെയും പ്രകടനം. 2014-ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിയ 19 നഴ്‌സുമാരെ നാട്ടിലെത്തുക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. നഴ്‌സുമാരെ ദൈവത്തിന്റെ മാലാഖമാരെന്നാണ് വിളിക്കുന്നതെങ്കിലും മാലാഖമാരുടെ വീട്ടിലെ സ്ഥിതി ആരും അന്വേഷിക്കാറില്ല എന്ന് പാർവതിയുടെ കഥാപാത്രമായ സമീറ പറയുന്നുണ്ട്. അത് സിനിമയുടെ അവസാനം വരെ കാണാനും സാധിക്കുന്നുണ്ട്.

ഭീകരരുടെ കയ്യിൽ അകപ്പെട്ട നഴ്സുമാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ അന്നത്തെ സർക്കാർ എന്തൊക്കെ ചെയ്തുവെന്ന് സിനിമയിൽ വ്യക്തമാകുന്നുണ്ട്. ആസിഫ് അലിയുടേത് മികച്ച കഥാപാത്രമായിരുന്നു. ആദ്യ പകുതി കുഞ്ചാക്കോ ബോബനും രണ്ടാം പകുതി ഫഹദ് ഫാസിലും സ്വന്തമാക്കിയെങ്കിലും സിനിമ പാർവതിയുടേത് തന്നെ.

സമീറ അപാരം തന്നെ. കാഞ്ചനമാലയിൽ നിന്നും ടെസ്സയിലേക്കും. ടെസ്സയിൽ നിന്നും സമീറയിലേക്കുമുള്ള ആ മാറ്റം അത് അതിശയം തന്നെ. പാർവതി ചുമ്മാ ജീവിച്ചുവെന്നു പറയാം. പാർവതി, ചെയ്യുന്ന റോൾ എല്ലാം ഇങ്ങ്നെ ഗംഭീരം ആക്കണം എന്ന് ആർക്കേലും വാക്ക്‌ കൊടുത്തിട്ടുണ്ടോ എന്ന് തോന്നിപ്പോകും. ഇത്തരമൊരു ദൃശ്യാനുഭവം മലയാളത്തില്‍ ആദ്യമാകും. അഭിമാനത്തോടെ പറയാം ഇത് മലയാള സിനിമയാണ്. മലയാളികളുടെ സിനിമയാണ്.

ഒരു ലാഗ് പോലുമില്ലാതെ അവസാനം വരെ കൊണ്ടുപോകാൻ ചില സിനിമകൾക്ക് മാത്രമേ കഴിയുകയുള്ളു.
പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരികയാണ്.
ട്രെയിലർ കണ്ട് അമിതപ്രതീക്ഷയുമായി തീയേറ്ററിൽ കയറിയവർ അന്തംവിടുമെന്ന് ഉറപ്പ്. നമ്മുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ് ടേക്ക് ഓഫ്.

എടുത്ത് പറയേണ്ട മറ്റൊന്ന് സിനിമയുടെ എഡിറ്റിംഗ് ആണ്‌. വലിച്ചുനീട്ടലില്ല കട്ടുകൾ എല്ലാം കിറു കൃത്യം. ആരുമൊന്ന് നമിച്ചു പോകും. വി എഫ് എക്സ് കാണുമ്പോൾ ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് പലർക്കും സംശയം തോന്നിയേക്കാം. നടന്ന സംഭവത്തെ സിനിമയാക്കുമ്പോൾ പലപ്പോഴും അതിൽ വെള്ളവും മായവും ചേർക്കാറുണ്ട്. എന്നാൽ, ഇവിടെ അധികം വെള്ളം ചേർക്കാത്ത നിലവാരമുള്ള ഒരു സിനിമ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ. മഹേഷ് നാരായണന് ഒരു ബിഗ് സല്യൂട്ട്.

സിനിമയുടെ തുടക്കത്തിൽ സ്ക്രീനിൽ ഒരു പേരു തെളിഞ്ഞു വരുന്നുണ്ട്. ട്രാഫിക്,മില്ലി,വേട്ട റഫറൻസ് കഴിഞ്ഞ് 'രാജേഷ് പിള്ള ഫിലിംസ്' എന്ന്. അത് കാണുമ്പോൾ ഒരു സിനിമ പ്രേമിയ്ക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ടേക്ക് ഓഫ് രസിക്കാൻ ഉള്ളതല്ല, അനുഭവിക്കാൻ ഉള്ളതാണ്. അനുഭവിച്ചറിയേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :