വേദിയെയും തന്നെ ക്ഷണിച്ചവരെയും തറയ്ക്ക് താഴേയ്ക്കും താഴ്ത്തി കളഞ്ഞിട്ട് ഞെളിഞ്ഞു നിൽക്കുന്നു! - മോഹൻലാലിനെതിരെ സോഷ്യൽ മീഡിയ

ആനയും അമ്പാരിയുമായി മോഹൻലാലിനെ വേദിയിലേക്ക് കെട്ടി എഴുന്നള്ളിക്കരുതെന്ന് പറഞ്ഞതായിരുന്നു ശരി?

തിരുവനന്ത‌പുരം| അപർണ| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (08:48 IST)
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്നലെ തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആഘോഷമായി നടന്നു. പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതിനെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.

‘ആനയും അമ്പാരിയുമായി അങ്ങോട്ട്‌ കെട്ടി എഴുന്നള്ളിച്ചപ്പോള്‍ അതിനെ എതിര്‍ത്തവര്‍ എന്ത് പറഞ്ഞോ അത് തന്നെ സംഭവിക്കുകയും ചെയ്തു. അവാര്‍ഡ് വാങ്ങിയവരുടെ ചിത്രങ്ങള്‍ പോലും ആര്‍ക്കും വേണ്ടാതെയായി‘ എന്ന് രശ്മി ആർ നായർ ഫേസ്ബുക്കിൽ കുറിച്ചു.

‘തന്റെ വിവരദോഷികളായ ഫാൻസിന്റെ കൈയ്യടി വാങ്ങാനും "ചില കണക്കുകൾ തീർക്കാനും" മാത്രമായി ആ അവസരം ഉപയോഗിച്ച്, തന്നെയും, തന്റെ വേദിയെയും തന്നെ ക്ഷണിച്ചവരെയും തറയ്ക്ക് താഴേയ്ക്കും താഴ്ത്തി കളഞ്ഞിട്ട് ഞെളിഞ്ഞു നിൽക്കുന്നു!‘വെന്ന് കെ സ് ബിനു ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തേ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമാമേഖലയിൽ നിന്നും റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ്, ഡോ. ബിജു എന്നിവരടങ്ങുന്ന 107 പേർ മോഹൻലാലിനെതിരെ സർക്കാരിനു മുന്നിൽ ഭീമ ഹർജി നൽകിയിരുന്നു.

മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :