‘മിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?’ ചോദ്യം കേട്ടതും ഞങ്ങൾ ഒന്ന് ഞെട്ടി: മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് സത്യൻ അന്തിക്കാട്

Last Modified വെള്ളി, 18 ജനുവരി 2019 (16:03 IST)
സത്യൻ അന്തിക്കാടും മോഹൻലാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് സത്യൻ അന്തിക്കാട് മോഹൻലാലിനെക്കുറിച്ച് പങ്കുവെച്ച രസകരമായ കാര്യമാണ്. സിനിമയിൽ പ്രശസ്‌തമായതിന് ശേഷവും അദ്ഡേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്ന കഥയാണ് രസകരമായി സത്യൻ അന്തിക്കാട് പങ്കുവെച്ചിരിക്കുന്നത്.

'മോഹന്‍ലാല്‍ സിനിമയില്‍ പ്രശസ്തിയുടെ നെറുകയില്‍എത്തിയതിനു ശേഷമുള്ള ഒരു ദിനം. രാത്രിവൈകി ഷൂട്ടിങ്ങ് കഴിഞ്ഞു ലാലുമൊത്ത് കാറില്‍ മടങ്ങുകയാണു ഞാന്‍. മറ്റൊരുസുഹുത്തും കാറിലുണ്ട്. വഴിയില്‍ പരിചയമില്ലാത്ത ഒരാള്‍ കൈകാണിച്ചു. അസമയമായതിനാല്‍ ലിഫ്റ്റ് കൊടുക്കുന്നത് അത്ര പന്തിയല്ല എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു.

ലാല്‍ എന്നെ വിമര്‍ശിച്ചു, ‘ പേരില്‍ സത്യന്‍ എന്നുണ്ടായിട്ടു കാര്യമില്ല, മനുഷ്യരോട് സഹാനുഭൂതി കാണിക്കണം. ഈ മനുഷ്യനെ കൂടി കയറ്റിയതു കൊണ്ടു നമുക്ക് പ്രത്യേകിച്ചെന്തു ബുദ്ധിമുട്ടുണ്ടാകാനാണ്? ശേഷം കാര്‍ നിര്‍ത്തി, അയാളെയും കയറ്റി. യാത്രയ്ക്കിടെ അയാള്‍ മോഹന്‍ലാലിനോടു സംസാരം തുടങ്ങി. വീടെവിടെയാണെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നുമൊക്കെയാണ് ചോദ്യങ്ങൾ.

വീടു തിരുവനന്തപുരത്താണെന്നറിയിച്ച ലാല്‍ വീട്ടുകാരുടെ വിരങ്ങളും പറഞ്ഞു. കാറില്‍ കയറിയ ആളും തിരുവനന്തപുരംകാരനാണ്. പറഞ്ഞു വന്നപ്പോള്‍ ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍നായരെയും അമ്മ ശാന്തകുമാരിയേയുമൊക്കെ ആള്‍ക്കു നല്ല പരിചയം. ലാലിന്റെ ജ്യേഷ്ഠന്‍ പ്യാരിലാലിനെയും അറിയാം. തുടര്‍ന്നാണ് തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം അയാളില്‍ നിന്നുണ്ടായത്, നിങ്ങളുടെ പേരെന്താണ്?’

പെട്ടെന്നൊരു മറുപടി ലാലില്‍നിന്നുണ്ടായില്ല. അല്‍പസമയത്തിനുശേഷം ലാലിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി ഞങ്ങള്‍ കേട്ടു. ‘ മോഹന്‍ലാൽ‍’, കാറിനുള്ളില്‍ ഇരുട്ടായതിനാല്‍ മുഖത്തെ ചമ്മല്‍ കാണാന്‍ പറ്റിയില്ല. റോഡിനിരുവശവും മോഹന്‍ലാല്‍ നായകനായ സിനിമകളുടെ വലിയ പോസ്റ്ററുകള്‍ ഒട്ടിച്ചുവെച്ചിരിക്കുന്നതു കാണാം.

ഇനി ആള്‍ക്ക് മോഹന്‍ലാലിനെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടായിരിക്കുമോ? ഞാന്‍ ലൈറ്റിട്ടു. അപ്പോള്‍ നല്ല വെളിച്ചത്തില്‍ മോഹന്‍ലാലിന്റെ മുഖത്തുനോക്കി അയാളുടെ അടുത്ത ചോദ്യം വന്നു: ‘മിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?’ കാറിനകത്തുള്ളവരെല്ലാം ഞെട്ടി! ലാല്‍ എന്തോ മറുപടി പറഞ്ഞ് ഉഴപ്പി. ചിരിപൊട്ടിപ്പോകാതിരിക്കാന്‍ പാടുപെട്ട് മുഖം കുനിച്ച്‌ ഞാനിരുന്നു. നോക്കുമ്ബോള്‍ ലാല്‍ ഉറക്കം അഭിനയിച്ച്‌ സീറ്റില്‍ ചാരിക്കിടക്കുകയാണ്.

യാത്ര അവസാനിക്കുന്നതു വരെ മോഹന്‍ലാല്‍ കള്ള ഉറക്കം തുടര്‍ന്നു. തനിക്കിറങ്ങേണ്ട സ്ഥലമായപ്പോള്‍ നമ്മുടെ കക്ഷി യാത്രപറയാനായി ലാലിനെ നോക്കി. ലാലുണ്ടോ ഉണരുന്നു! ‘പാവം ഉറങ്ങിക്കോട്ടെ..ഉണരുമ്ബോ വിശ്വനാഥന്‍ നായരുടെ മോനോട് പറഞ്ഞാല്‍ മതി……’ആള്‍ ഇറങ്ങിപ്പോയി.

ആ നിമിഷം മോഹന്‍ലാല്‍ ഉണര്‍ന്നു. എന്നോടു ചോദിച്ചു: ‘ഇതിപ്പോള്‍ നേരംവെളുക്കുന്നതിനു മുമ്ബുതന്നെ നിങ്ങള്‍ മാലോകരെ അറിയിക്കുമല്ലോ അല്ലേ?…..”ഉറപ്പായും’ ഞാന്‍ വാക്കുകൊടുത്തു. അതു പാലിക്കുകയും ചെയ്യുന്നു!.’ സത്യന്‍ അന്തിക്കാട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :