സ്റ്റൈല്‍ മന്നന് ഇന്ന് പിറന്നാള്‍

ചെന്നൈ| VISHNU.NL| Last Updated: വെള്ളി, 12 ഡിസം‌ബര്‍ 2014 (17:09 IST)
ശിവാജി റാവു ഗെയ്ക്വാദ് എന്ന പേര്‍ ഒരു പക്ഷ അധികം പേര്‍ക്കും അറിയില്ല. എന്നാല്‍ ശിവാജി റാവു എന്ന രജനീകാന്ത് എന്ന പേരിന്റെ ഉടമയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ല. തമിഴന്റെ തമിഴ് തിരൈ ഉലക ദൈവമായ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് ഇന്ന് 64 വയസ് തികയുന്നു. മറ്റേത് ഭാഷക്കാരാനായാലും കലാകാരന് മുന്നില്‍ തമിഴന്റെ മനസ് വിശാലമാകുമെന്നതിന്റെ തെളിവാണ് ശിവാജി റാവു എന്ന കര്‍ണാടകക്കാരന്‍ രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്നത്.

ശിവാജി റാവു ഗെയ്ക്വാദ് എന്ന കന്നഡ പയ്യന് രജനികാന്ത് എന്ന പേരുനല്‍കിയത്
പ്രശസ്ത
സംവിധായകന്‍ ബാലചന്ദറാണ്. എന്നാല്‍ രജനീകാന്തിന് തമിഴ്മക്കളുടെ മനസിലെ താരസിംഹാസനം നല്‍കിയത് സംവിധായകന്‍ എസ്പി മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് രജനീകാന്ത് തമിഴ് മനസില്‍ പതിയുന്നത്. പിന്നീട് മുത്തുരാമന്റെ തന്നെ ആറിലിരുന്ത് അറുപതുവരെ (1977) എന്ന സിനിമയിലൂടെ രജനി താര സിംഹാസനത്തിനെ പടിവരെയെത്തി. ജെ മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും(1978) എന്നസിനിമയ്ക്ക് ശേഷം രജനി എന്ന സിനിമാ നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുള്ള രജനി. 1988ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു. എഴുപതുകളുടെ അവസാന ഘട്ടത്തില്‍ വരെ കമലഹാസന്‍ നായകനായ ചിത്രങ്ങളിലെ വില്ലന്‍ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. എന്നല്‍ എണ്‍പതുകളില്‍ അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്ക് ബില്ല എന്നപേരില്‍ രജനിയേ നായകനാക്കി ഇറങ്ങിയത് തമിഴ് ബോക്സോഫീസിനെ പിടിച്ചുകുലുക്കി. തുടര്‍ന്ന് ബച്ചന്‍ ചിത്രങ്ങളുടെ റിമ്മേക്കില്‍ രജനി നായകനായി. ഖുദ്ദാര്‍, നമക് ഹലാല്‍, ലവാരീസ്, ത്രിശൂല്‍, കസ്‌മേ വാദേ തുടങ്ങിയ ബച്ചന്‍ ചിത്രങ്ങള്‍ പഠിക്കാത്തവന്‍, വേലൈക്കാരന്‍, പണക്കാരന്‍, മിസ്റ്റര്‍ ഭരത്, ധര്‍മത്തിന്‍ തലൈവന്‍ തുടങ്ങിയ പേരുകളില്‍ തമിഴില്‍ പുറത്തിറങ്ങി.

ഇതോടെ തമിഴ് മക്കളുടെ മനസിലെ സമാനതകളില്ലാത്ത താരമായി രജനി വളര്‍ന്നു. അപൂര്‍വ്വരാഗങ്ങള്‍, വാനക്കാട്ടുകുറിയ കാതലിയേ,വയസു പിളിചിണ്ടി,മുള്ളും മലരും,ഇരൈവന്‍ കൊടുത്ത വരം,നല്ലവനുക്കു നല്ലവന്‍, ബാഷ , മുത്തു, എന്തിരന്‍, കൊച്ചടയാന്‍,തുടങ്ങി നിരവധി നിരവധി ഹിറ്റ് സിനിമകളിലൂടെ രജനി തമിഴന്റെ സിനിമാ ദൈവമായി. അതുകൊണ്ട് തന്നേയാകാം രജനിക്ക് വേണ്ടിതന്നെ സിനിമകളില്‍ ഗാനങ്ങളുണ്ടായി. നീ നടന്താല്‍ നടയഴക് , കൊണ്ടയില്‍ താഴംപൂ, എന്‍പേര് പടയപ്പാ, തുടങ്ങി നിരവധി ഗാനങ്ങള്‍ അത്തരത്തിലുള്ളതാണ്.

കിടിലന്‍ ഡയലോഗുകള്‍, ചടുലമായ നൃത്തരംഗങ്ങള്‍, കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഇവയൊക്കെ രജനി സിനിമകളുടെ പൊതുസ്വഭാവമാണ്. ആധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല എന്നത് രജനിയേ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമല്ല. പകരം നഷ്ടമുണ്ടായത് ബോളിവുഡ്ഡിനുമാത്രമാണ്.

ഇതിഹാസതാരം എന്നു വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്
2000ലെ പത്മഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
പിറന്നാള്‍ ദിനത്തില്‍ തന്നെ സൂപ്പര്‍ സ്റ്റാറിന്റെ പുതിയ ചിത്രം എത്തുന്നത് തമിഴ് മണ്ണില്‍ ആഘോഷത്തിന്റെ പൂത്തിരികളാണ് പൊട്ടിച്ചിരിക്കുന്നത്. ജപ്പാന്‍ , ചൈന , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ആരാധകവൃന്ദങ്ങളുള്ള നടന് ഇങ്ങ് കേരളത്തിലും നിരവധി ആരാധകരുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :