''മാപ്പ്... ഇനി ഞാൻ അങ്ങനെ ചെയ്യില്ല, ആ കഥാപാത്രങ്ങൾ നേടിതന്ന ഓരോ കയ്യടിക്കും ഞാൻ തലകുനിക്കുന്നു'' - മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

ചരിത്രത്തിൽ ഇതാദ്യം! സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയതിന് മാപ്പ് പറഞ്ഞ് പൃഥ്വിരാജ്!

aparna shaji| Last Modified ശനി, 25 ഫെബ്രുവരി 2017 (10:18 IST)
സ്ത്രീകളുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ പറയില്ലെന്ന് യുവനടൻ പൃഥ്വിരാജ്. ന്റെ മുന്‍കാല ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നുണ്ട് പൃഥ്വി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ മാപ്പ് പറഞ്ഞിരിക്കുന്നത്.

ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് താരം പറയുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു നടന്‍ തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പരസ്യമായി മാപ്പ് പറയുന്നത്. പക്വതയില്ലാത്ത സമയത്താണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമകളുടെ ഭാഗമായത്. തന്റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് നേടിതന്ന ഓരോ കയ്യടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പൃഥ്വിയുടെ വാക്കുകളിലൂടെ:

എന്റെ ജീവിതത്തിൽ ഞാൻ ഏറെ പശ്ചാത്തപിച്ചു പോയ ചില നിമിഷങ്ങൾ ഉണ്ട്. ചില സ്ത്രീകളുടെ മനോധൈര്യം കണ്ട നിമിഷങ്ങൾ. ദൈവത്തിന്റെ ഏറ്റവും അർത്ഥപൂർണവും സങ്കീർണവുമായ സൃഷ്ടി ആണ് സ്ത്രീ. അച്ഛൻ മരിച്ചപ്പോൾ പറക്കമുറ്റാത്ത രണ്ട് മക്കളെ വളർത്തിവലുതാക്കി ഈ നിലയിലെത്തിച്ച എന്റെ അമ്മ മുതൽ ലേബർ റൂമിൽ ഒരു അനസ്തേഷ്യ പോലും ഇല്ലാതെ പ്രസവത്തിനു വിധേയായ എന്റെ ഭാര്യ വരെ, അപ്പോഴും അവൾ എന്റെ കൈ പിടിച്ചുകൊണ്ട് കുഴപ്പമൊന്നുമില്ല പ്രിത്വി എന്ന് പറയുകയായിരുന്നു.

ഞാൻ തിരിച്ചറിയുകയായിരുന്നു ഒരു സ്ത്രീയുടെ അഭാവത്തിൽ ഞാനെത്ര ദുർബലൻ ആണെന്ന്. ഇന്ന് എന്റെ സുഹൃത് ഞങ്ങടെ പുതിയ പടമായ ആദത്തിന്റെ സെറ്റിലേക്ക് വരുമ്പോൾ ഞാൻ വീണ്ടുമൊരു സ്ത്രീയുടെ അസാദാരണമാം ധൈര്യത്തിനും തന്റേടത്തിനും സാക്ഷിയായി. ഇന്നവൾ കാലത്തിനും ഭാഷക്കും ലിംഗഭേദത്തിനും ഒക്കെയപ്പുറം ചിലത് പറയാനാഗ്രഹിക്കുകയാണ്. അതായത് ഒരു സംഭവത്തിനോ വ്യക്തിക്കോ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനാവില്ല. മറിച്ച് നിങ്ങൾ തന്നെയാവണം നിങ്ങളുടെ മനസ്സിന്റെ കടിഞ്ഞാൺ പിടിക്കേണ്ടത് എന്ന്.

കോടിക്കണക്കിനു ആളുകൾ പറയാതിരുന്ന അല്ലെങ്കിൽ പറയാൻമടിച്ചൊരു കാര്യമാണ് എന്റെ സുഹൃത്തു ഇന്നിവിടെ ഉറക്കെ പറഞ്ഞത്. ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ പക്വതയില്ലാതെ പെരുമാറിയിട്ടുണ്ട്, ഞാനും ക്ഷമ ചോയ്ക്കുന്നു ഈ അവസരത്തിൽ. ചില സ്ത്രീവിരുദ്ധ സിനിമകളിൽ ഞാനും ഭാഗമായിട്ടുണ്ട്, ഇനി എന്റെ സിനിമകളിൽ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് ഞാനുറപ്പ് തരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ വൈദഗ്ദ്യം ആണത്. അത്തരത്തിൽ സ്ത്രീവിരുദ്ധ നിലപാടുകളുള്ള കഥാപാത്രങ്ങളെ ഞാനിനി തള്ളിക്കളയും.

ഇത്തരം കഥാപാത്രങ്ങളെ സ്‌ക്രീനിൽ മഹത്വവത്കരിക്കാനും ഞാൻ ശ്രമിക്കില്ല. ഒരിക്കൽക്കൂടി നമുക്കിവളെ അഭിനന്ദിക്കാം. ജീവിതം ഇരുട്ടിലാവും എന്ന് പേടിക്കാതെ മുന്നോട്ട് സധൈര്യം വന്നതിനു. ഇന്നവൾ മാറ്റത്തിന്റെ ഒരു പ്രകാശം തെളിയിച്ചു. ഒരുപാടുപേർക്ക് വഴി കാട്ടുന്ന തന്റേടത്തിന്റെ ഒരു പ്രകാശം. ഞാനെന്നെന്നും നിന്റെ ആരാധകനാണ് കുട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :