മാസ് കാണിക്കാന്‍ ഒരുങ്ങിയാല്‍ മമ്മൂട്ടിയോളം വരില്ല ആരും, മാസ്റ്റര്‍ പീസ് മാനിയ - 17 ലക്ഷം പ്രേക്ഷകര്‍ !

Master Piece, Mammootty, Udaykrishna, Ajay Vasudev, Master Piece Teaser, മാസ്റ്റര്‍ പീസ്, മമ്മൂട്ടി, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, മാസ്റ്റര്‍ പീസ് ടീസര്‍
BIJU| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2017 (14:27 IST)
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ ഗ്രേറ്റ്ഫാദറിന്‍റെ കരുത്തനായ പിന്‍‌ഗാമിയായാണ് ഏവരും കാണുന്നത്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ഈ സിനിമ മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്.

മാസ്റ്റര്‍ പീസ് ആദ്യ ടീസര്‍ റിലീസായി നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 17 ലക്ഷം പേര്‍ യൂട്യൂബില്‍ ഈ ടീസര്‍ കണ്ടുകഴിഞ്ഞു. 60000 ലൈക്കുകളും നേടിയിട്ടുണ്ട്. ഈ യൂട്യൂബ് വീഡിയോയ്ക്ക് താഴെ അയ്യായിരത്തോളം കമന്‍റുകളും വന്നുകഴിഞ്ഞു. അങ്ങനെ മലയാള സിനിമയിലെ സകല റെക്കോര്‍ഡുകളും ഈ ടീസര്‍ തകര്‍ക്കുകയാണ്.

മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല.

ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!

ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.

മാസ്റ്റര്‍പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :