നിഹാരിക കെ എസ്|
Last Modified വ്യാഴം, 21 നവംബര്‍ 2024 (12:50 IST)
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായ 'തിങ്കൾ മുതൽ വെള്ളി വരെ' എന്ന ചിത്രത്തിൽ റിമി ടോമി ആയിരുന്നു നായിക ആയത്. ആന്റോ ആണ് റിമി ടോമിയെ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത്. എന്നാൽ, ഈ റോൾ ആദ്യം ചെയ്യേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യ മലയാള സിനിമയുടെ പിന്നാമ്പുറ കഥകൾ കണ്ണൻ താമരക്കുളം വെളിപ്പെടുത്തിയത്.
ആദ്യം നായികയായി സിനിമയിലേക്ക് തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയായിരുന്നു. കഥ കേട്ട് മഞ്ജുവിന് ഇഷ്ടപ്പെടുകയും കമ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അവസാന നിമിഷം ജയറാമിന്റെയും മഞ്ജുവിന്റെയും ഡേറ്റുകൾ തമ്മിൽ പ്രശ്നമായി. അങ്ങനെയാണ് ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയത്. പറ്റിയ ആർട്ടിസ്റ്റില്ലെങ്കിൽ റിമിയുടെ പുഷ്പവല്ലിയെന്ന കഥാപാത്രം വർക്കാവില്ല. പിന്നീട് ഞാനും ആന്റോ ചേട്ടനും തമ്മിലുള്ള സംഭാഷണത്തിന് ഇടയിലാണ് റിമി ടോമിയുടെ പേര് വരുന്നതും ആന്റോ ചേട്ടൻ റിമിയെ വിളിച്ച് സംസാരിക്കുന്നതുമെന്നും കണ്ണൻ പറയുന്നു.
വലിയ വിശ്വാസമില്ലാതെയാണ് റിമി അഭിനയിക്കാൻ വന്നത്. രണ്ട് ദിവസം അഭിനയിച്ചിട്ട് ശരിയായില്ലെങ്കിൽ പറഞ്ഞ് വിട്ടോളാനാണ് റിമി പറഞ്ഞത്. റിമിയാണ് നായികയെന്ന് അറിഞ്ഞപ്പോൾ ജയറാമേട്ടനും ഓക്കെയായിരുന്നു. സിനിമ തിയേറ്ററിൽ വിജയമായിരുന്നു. കാരണം ഇനീഷൽ കലക്ഷൻ നന്നായി ആ സിനിമയ്ക്ക് ലഭിച്ചിരുന്നു.