ജനുവരി തകർക്കും! മത്സരിക്കാൻ 10 സിനിമക‌ൾ!

ഗ്രേറ്റ് ഫാദറിനോട് മത്സരിക്കാൻ കാലം ഒരുക്കിയ അവസരം! മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ!

aparna shaji| Last Updated: തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (16:54 IST)
തിയേറ്ററുടമകളുമായുള്ള പ്രശ്‌നം കാരണം ക്രിസ്മസിന് മലയാള സിനിമകളൊന്നും തന്നെ തിയേറ്ററില്‍ എത്തിയിരുന്നില്ല. പുത്തൻ സിനിമക‌ൾ ഇല്ലാതെ ക്രിസ്തുമസ് ആഘോഷിച്ചവർ പരാതിയിലും നിരാശയിലുമായിരുന്നു. ആ നിരാശയെ എല്ലാ അര്‍ത്ഥം കൊണ്ടും ആവേശമാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ജനുവരിയിൽ തീയേറ്ററുകളിൽ ആളുകൾ നിറയും. 10 സിനിമകളാണ് റിലീസ് ചെയ്യുന്നത്. ജനുവരി 5 മുതല്‍ തുടങ്ങുന്നു ആ മത്സരങ്ങള്‍. 26 നാണ് പ്രേക്ഷകര്‍ കാത്തിരുന്ന ദിവസം വരുന്നത്.

എസ്ര

അബ്രഹാം എസ്രയുടെ ആത്‌മാവ്‌ ഈ ശിശിരത്തിൽ പ്രതികാരത്തിനെത്തുന്നു. അവർ അയാളുടെ പ്രണയം കവർന്നു. അയാൾ അവരുടെ ലോകവും. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന എസ്ര ജനുവരി 5ന് റിലീസ് ചെയ്യും. കാഴ്ചകൾക്കുള്ളിൽ പലതും ഒളിപ്പിച്ചുവെക്കുകയാണ് എസ്ര. ടീസറിന് മികച്ച പ്രതികരണമാണ്
ലഭിച്ചത്. ഹോളിവുഡിനൊപ്പം എത്തുന്ന ടീസർ എന്നാണ് ആരാധകർ പറയുന്നത്. നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന സിനിമയിൽ പൃഥ്വിരാജാണ് നായകനായെത്തുന്നത്.

ഫുക്രി

ജയസൂര്യ നായകനായി എത്തുന്ന ഫുക്രി എന്ന ചിത്രം ജനുവരി 6 നാണ് റിലീസ് ചെയ്യുന്നത്. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ കുടുംബ ചിത്രമാണ്. പ്രേക്ഷകര്‍ക്ക് ചിരിച്ച് മറിയാനുള്ള വക സിനിമയിലുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഫുക്രി

ജോമോന്റെ സുവിശേഷങ്ങൾ

ദുൽഖർ സൽമാൻ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ ജനുവരി 6ന് റിലീസ് ചെയ്യും. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു കുടുംബ കഥയാണ് പറയുന്നത്. അച്ഛൻ - മകൻ ബന്ധം പറയുന്ന ചിത്രത്തിൽ ജോമോൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനൊപ്പം യൂത്തന്മാരുടെ ഹരമായ ദുൽഖർ ഒരുമിക്കുമ്പോൾ അതൊരു സൂപ്പർ ഡ്യൂപ്പർ ആകുമെന്ന കാര്യത്തിൽ സംശയമില്ല.

ഭൈരവ

ഇളയദളപതി വിജയ് നായകമാകുന്ന ഭൈരവ ജനുവരി 12ന് റിലീസ് ചെയ്യും. വിജയ്‌യുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ഹൈലറ്റ് ആക്ഷൻ രംഗങ്ങളാണ്. മലയാളി നടി അപർണ വിനോദ്, വിജയരാഘവൻ, ജഗപതി ബാബു, ഹരീഷ് ഉത്തമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

വീരം

മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന വീരം എന്ന ചിത്രം റിലീസ് ചെയ്യുന്നത് ജനുവരി 26 നാണ്. ഓസ്‌കാര്‍ പട്ടികയില്‍ വരെ ഇടം നേടിയ വീരം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍.

സിംഗം ത്രി

ജനുവരി 26നാണ് ഒറിജിനൽ മത്സരം തുടങ്ങുന്നതെന്ന് പറയാം. കളം കൊഴുപ്പിയ്ക്കാന്‍ തമിഴില്‍ നിന്ന് സൂര്യ നായകനാകുന്ന സിംഗം ത്രി എത്തും. മലയാളി പ്രേക്ഷകരും ഏറെ ആവശത്തോടെ കാത്തിരിയ്ക്കുന്ന തമിഴ് ചിത്രമാണ് സിംഗം 3. അനുഷ്ക ഷെട്ടി, ശ്രുതി ഹാസൻ എന്നിവരാണ് നായികമാർ.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ മത്സരത്തിന് ആവേശം പകര്‍ന്ന്, ജനുവരി 26 ന് തന്നെ മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കും. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്കുള്ളതാണ്. മീനയും മോഹന്‍ലാലും ദൃശ്യത്തിന് ശേഷം വീണ്ടും ഒന്നിയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റൊരു ദൃശ്യത്തിനുള്ള തയ്യാറെടുപ്പാണ് ഈ ചിത്രമെന്ന് തുടക്കം മുതലേ ചർച്ചയുണ്ടായിരുന്നു.

ദ ഗ്രേറ്റ് ഫാദര്‍

ഇക്കഴിഞ്ഞ ഒക്ടോബർ 7ന് ജോപ്പനും പുലിമുരുകനും ഏറ്റുമുട്ടി. അതേമത്സരം ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. ജനുവരി 26 ന് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഏറ്റുമുട്ടുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും റിലീസ് ചെയ്യുന്നത് ജനുവരിയിൽ തന്നെയാണ്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമാസാണ് നിര്‍മിയ്ക്കുന്നത്.

ജോര്‍ജ്ജേട്ടന്റെ പൂരം

ജോര്‍ജ്ജേട്ടന്റെ പൂരം ജനുവരി 26 നാണ് ദിലീപ് നായകനായെത്തുന്ന ജോര്‍ജ്ജേട്ടന്റെ പൂരം റിലീസ് ചെയ്യുന്നതും. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ദിലീപ് ചിത്രമാണിത്. വിവാഹം കരിയറിനെ ബാധിച്ചോ എന്ന് ഈ ചിത്രത്തിന് ശേഷം വിലയിരുത്താം. കോമഡിയെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

പൂമരം

പൂമരം ജനുവരി 26 ലെ വെടിക്കെട്ട് മത്സരം ഒന്ന് ശമനമടങ്ങിയ ശേഷം കാളിദാസ് ആദ്യമായി മലയാളത്തില്‍ നായകനായി എത്തുന്ന പൂമരം റിലീസ് ചെയ്യും. ഫെബ്രുവരി 4 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :