മമ്മൂട്ടിയുടെ അവിശ്വസനീയമായ 10 അഭിനയ മുഹൂർത്തങ്ങൾ!

മറക്കാൻ കഴിയില്ല, കാരണം ഇത് മമ്മൂട്ടിയാണ്!

അപർണ| Last Modified ചൊവ്വ, 29 മെയ് 2018 (14:32 IST)
പതിറ്റാണ്ടുകളായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം കണ്ടെത്താന്‍ പറഞ്ഞാല്‍ അത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

മലയാളസിനിമയുടെ നടുമുറ്റത്ത് ഒരു സിംഹാസനമിട്ട് അതില്‍ താരരാജാവായി മമ്മൂട്ടി ഇരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ പത്ത് അവിസ്മരണീയ മുഹൂർത്തങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 1994ൽ അടൂർ ഗോപാലക്രഷ്ണൻ സംവിധാനം ചെയ്ത വിധേയൻ അതിൽ ഒന്നാം സ്ഥാനത്തുണ്ടാകും. വിധേയനിലെ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല.

രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റ്’ എന്ന ചിത്രത്തിലെ അരിപ്രാഞ്ചിയെന്ന കഥാപാത്രം മമ്മൂട്ടി അവിസമരണീയമാക്കി. ത്രശൂർ ഭാഷയും മമ്മൂട്ടിയുടെ അഭിനയം ചേർന്നപ്പോൾ വേറെ ലെവൽ ആയി.

അടൂർ തന്നെ സംവിധാനം ചെയ്ത് 1989ൽ റിലീസ് ആയ മതിലുകളാണ് മറ്റൊരു ചിത്രം. രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറാണു് മതിലുകളിലെ മുഖ്യകഥാപാത്രം. ബഷീറായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി തുടങ്ങിയവർ അഭിനയിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ബെസ്റ്റ് ചിത്രങ്ങളിലൊന്നാണ്.

ടിവി ചന്ദ്രന്റെ സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ ചിത്രമാണ് പൊന്തൻമാട. മമ്മൂട്ടിയെന്ന നടന്റെ വളർച്ചയുടെ കാലഘട്ടമായിരുന്നു അത്. മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുക്കുന്നതിൽ ഈ ചിത്രവും പങ്ക് വഹിച്ചിട്ടുണ്ട്.

സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. മുത്തും രാഘവനും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. അച്ചൂട്ടിയും കൊച്ചുരാമനും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥ. ലോഹിതദാസിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിലെ അച്ചൂട്ടിയെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു.

ബ്ലസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കാഴ്ച. ആ കാലത്തെ മാനുഷിക പ്രസക്തിയേയും സാമൂഹിക
പ്രതിബദ്ധതയേയും വരച്ച് കാണിച്ച ചിത്രമായിരുന്നു കാഴ്ച. ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയം കൊണ്ടും മമ്മൂട്ടി മാധവനായി മാറിയ സിനിമയായിരുന്നു കാഴ്ച.

1997 ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭൂതക്കണ്ണാടി. വിദ്യാധരൻ എന്ന ഘടികാര പണിക്കാരനോട് കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ തളരുന്ന കഥയാണ് ഭൂതക്കണ്ണാടി പറഞ്ഞത്.

മമ്മൂട്ടിയെ നായകനാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ‘വാത്സല്യം’ മമ്മൂട്ടിയിലെ അച്ഛനെയും ഏട്ടനെയും ഭര്‍ത്താവിനെയുമെല്ലാം വെള്ളിത്തിരയില്‍ മികവോടെ പ്രതിഫലിപ്പിച്ച ചിത്രമാണ്. രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ നിസ്സഹായതയെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാനും മമ്മൂട്ടിക്കു കഴിഞ്ഞു.

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയത് ചിത്രമാണ് തനിയാവര്‍ത്തനം. കഥയ്ക്കപ്പുറം മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യത കൂടി ചേര്‍ന്നപ്പോള്‍ കണ്ണുകളില്‍ ഈറനണിഞ്ഞാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടു പോയത്. ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ അഭിനയമാണ് മമ്മൂട്ടി സിനിമയില്‍ കാഴ്ച വച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :