ബാഹുബലിയെന്ന ഇതിഹാസം ഇനിയും വരും! - രാജമൗലി പറയുന്നു

ബാഹുബലി ഇനിയും വരും!

aparna shaji| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (12:06 IST)
2015 ജൂലൈ 10 ബാഹുബലി റിലീസായപ്പോൾ ഇന്ത്യൻ സിനിമ ഒരു കാര്യം ഉറപ്പിച്ചു. ഇന്ത്യയില്‍ എസ് എസ് രാജമൌലി എന്ന മഹാപ്രതിഭയെ മറികടക്കാന്‍ ഒരു സംവിധായകനില്ല!. ‘ബാഹുബലി’ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമാണെന്ന് വിശേഷിപ്പിക്കണം. ഈ സിനിമയെ വിശേഷിപ്പിക്കാന്‍ മറ്റുപദങ്ങള്‍ക്കൊന്നും കരുത്ത് പോരാതെ വരും.

ഇപ്പോഴിതാ, ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഇനി വെറും രണ്ട് ദിവസം. ദസ്തയേവ്സ്കി കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ അനുഭവിക്കുന്നത്. ബാഹുബലിയുടെ ഹാങ്ങോവർ ഒരു വർഷം നീണ്ടു നിൽക്കുമെന്ന് രാജമൗലി പറഞ്ഞിരുന്നു. എന്നാൽ ഒന്നല്ല എത്ര വർഷം വേണമെങ്കിലും അത് നിലനിൽക്കുമെന്നതിന്റെ ഉറപ്പാണ് രണ്ടു വർഷമായിട്ടുമുള്ള ആരാധകരുടെ ഈ കാത്തിരിപ്പ്.

ഉജ്ജ്വലമായ ഒരു സിനിമ അതിന്‍റെ ഏറ്റവും തീവ്രമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്നതിന്‍റെ വിസ്മയനിമിഷങ്ങളായിരുന്നു ബാഹുബലി. ഗാനരംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ബാഹുബലി ആദ്യഭാഗത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എന്തായാലും ഈ സിനിമയുടെ രണ്ടിരട്ടി ഗംഭീരമാകും രണ്ടാം ഭാഗമെന്ന് ഉറപ്പാണ്.

ബാഹുബലി രണ്ടാം ഭാഗം കൊണ്ട് അവസാനിക്കുന്നില്ലെന്ന് സംവിധായകൻ രാജമൗലി പറഞ്ഞു. സിനിമ ഇതോടെ അവസാനിക്കുമെങ്കിലും ടെലിവിഷൻ സീരിയലായും അനിമേഷൻ പരമ്പരകളായുമൊക്കെ ബാഹുബലി വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

''ബാഹുബലി തന്നെ വിട്ടുപോകില്ല. മഹിഷ്‌മതിയുടെയും ബാഹുബലിയുടെയും കഥ സീരിയലുകളായും അനിമേഷൻ പരമ്പരകളായും ചിത്രകഥയായുമൊക്കെ വീണ്ടും പ്രേക്ഷകരിലേക്കെത്തും. ബാഹുബലിക്കായി തയാറാക്കിയ ആയുധങ്ങളും ഗ്രാഫിക്സുകളും ബാഹുബലി പരമ്പരയ്ക്കായി ഉപയോഗിക്കും'' - രാജമൗലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :