2 ദിവസത്തെ ഡേറ്റ്, നയന്‍‌താരയ്ക്ക് പ്രതിഫലം 4 കോടി!

നയന്‍‌താര, നയന്‍സ്, മമ്മൂട്ടി, അജിത്, വിജയ്
Last Modified വ്യാഴം, 2 ജൂലൈ 2015 (10:43 IST)
തെന്നിന്ത്യയില്‍ ഒട്ടേറെ സൂപ്പര്‍ നായികമാരുണ്ട്. പക്ഷേ, നയന്‍‌താര ഒന്നേയുള്ളൂ. നിലവില്‍ ഏഴോളം സിനിമകളില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നയന്‍‌സിന്‍റെ താരറാണിപ്പട്ടത്തിന് അടുത്തെങ്ങും ഇളക്കം തട്ടുമെന്ന് തോന്നുന്നില്ല. ത്രിഷയും അനുഷ്കയും തമന്നയും സമാന്തയുമൊക്കെയുണ്ടെങ്കിലും മെഗാസ്റ്റാറുകള്‍ മുതല്‍ യുവ സൂപ്പര്‍താരങ്ങള്‍ വരെ തങ്ങളുടെ ചിത്രങ്ങളില്‍ നയന്‍‌താരയെ നായികയാക്കാന്‍ ആഗ്രഹിക്കുന്നു.

തികഞ്ഞ പ്രൊഫഷണലാണ് അവര്‍ എന്നതാണ് അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. മറ്റുള്ള നായികമാര്‍ അങ്ങനെയല്ലെന്നല്ല. എന്നാല്‍ ഗ്ലാമര്‍, അഭിനയത്തികവ്, പ്രൊഫഷണലിസം, പെരുമാറ്റം എല്ലാം നയന്‍‌സിലേക്ക് പ്രൊജക്ടുകള്‍ വലിച്ചടുപ്പിക്കുന്നു.

നയന്‍‌താരയുടെ പ്രതിഫലം എത്രയാണ്? അത് സീക്രട്ടാണ്. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് അവര്‍ കൈപ്പറ്റുന്നത്. ബില്ലയ്ക്കോ ആരംഭത്തിനോ മാസിനോ വാങ്ങിയ പ്രതിഫലം അവര്‍ ഭാസ്കര്‍ ദി റാസ്കലിന് വാങ്ങില്ല. എന്നാല്‍ നയന്‍സ് ഈയിടെ ഒരു പ്രൊജക്ടിന് നാലുകോടി രൂപ പ്രതിഫലം വാങ്ങി. അതും രണ്ടുദിവസത്തെ കാള്‍ഷീറ്റിന്!

ഹൈദരാബാദിലെ ഒരു ജ്വല്ലറിയുടെ പരസ്യത്തിനാണ് നയന്‍‌സ് നാലുകോടി പ്രതിഫലം പറ്റിയത്. പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ നയന്‍‌താരയ്ക്ക് വിമുഖതയുണ്ട്. എന്നാല്‍ ഡേറ്റുചോദിച്ചുവന്നവരെ അക്കാര്യം പറഞ്ഞ് പിണക്കിവിടാനും വയ്യ. ഒടുവില്‍ നയന്‍‌താര ഒരടവെടുത്തു. രണ്ടുദിവസത്തെ ഷൂട്ടിന് നാലുകോടി രൂപ പ്രതിഫലം തരണം. ഇതുകേട്ടാല്‍ പരസ്യക്കമ്പനി ഓടിക്കളയുമെന്നാണ് നയന്‍‌സ് കരുതിയത്. എന്നാല്‍ സംഭവിച്ചതോ?

അവര്‍ അപ്പോള്‍ തന്നെ ഓകെ പറഞ്ഞു. അഡ്വാന്‍സ് നല്‍കി കരാറുറപ്പിച്ചു. എന്തായാലും മറ്റുനായികമാര്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത പ്രതിഫലത്തിന് നയന്‍‌താര ആ പരസ്യം ചെയ്യുകയാണ്. നയസിനെപ്പോലെ നയന്‍സ് മാത്രമേയുള്ളൂ എന്ന് എല്ലാവരും പറയുന്നത് വെറുതെയല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :