ലോക്കേഷനില്‍ ജാതിതിരിച്ച് ഭക്ഷണം വിളമ്പരുത്: മമ്മൂട്ടി

ജാതിതിരിച്ച് ആഹാരം വിളമ്പരുത്: മമ്മൂട്ടി

aparna| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (12:28 IST)
സിനിമാ ലൊക്കേഷനില്‍ ജാതി തിരിച്ചു ആഹാരം വിളമ്പരുതെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇഷ്ടമില്ലാത്തത് കണ്ടാല്‍ ഉടന്‍ പ്രതികരിക്കുന്ന കൂട്ടത്തിലാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ലൊക്കേഷനില്‍ ഒരു ദിവസം എല്ലാവര്‍ക്കും ബിരിയാണി വിളമ്പുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

എന്തുകൊണ്ടാണ് ലൊക്കേഷനിൽ ഒരു ദിവസം എല്ലാവർക്കും ബിരിയാണി വിളമ്പുന്നതെന്ന് ഒരിക്കല്‍ മനോരമയുടെ അഭിമുഖത്തിൽ ചോദിച്ചപ്പോ‌ൾ ഒരു കഥയായിരുന്നു അന്ന് മെഗാസ്റ്റാർ നൽകിയത്. ''ആദ്യമൊക്കെ പൊതിച്ചോറായിരുന്നു. പിന്നീടാണ് ബിരിയാണിയായി മാറിയത്. ഈ പൊതിച്ചോറ് ബിരിയാണിയായി മാറിയതിന്റെ പിന്നിൽ മറ്റൊരു സൂപ്പർതാരമാണ്. സാക്ഷാൽ മോഹൻലാൽ!.

''ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിന്റെ ഷൂട്ടിങ്. അന്ന് ഞാൻ സുലുവിനെ സോപ്പിട്ടു. പണ്ട് ഉമ്മയുണ്ടാക്കി തരുന്നതുപോലൊരു പൊതിയുണ്ടാക്കി തരണം. അന്ന് സെറ്റിൽ മോഹൻലാലൊക്കെയുണ്ട്. ഒരു ദിവസം എനിക്കു മാത്രം ഉച്ചയ്ക്ക് ഒരു പൊതി കിട്ടിയപ്പോൾ ലാൽ അടുത്തു കൂടി.. എന്താ ഇത്?.

ഇലപ്പൊതിയെന്നു കേട്ടതോടെ ലാൽ അതു തട്ടിയെടുത്തു. നല്ല രുചിയുണ്ടല്ലോ എന്നു പറഞ്ഞ് മുഴുവൻ അകത്താക്കി. അന്നു ഞാൻ പട്ടിണി. പിറ്റേദിവസം എനിക്കും ലാലിനും ഉൾപ്പെടെ നാലഞ്ചു പൊതിച്ചോറ് വന്നു. പിന്നെയത് പത്തും പതിനഞ്ചും ഇരുപതുമൊക്കെയായി.. ഒരുപാടു പേർ ആവശ്യക്കാരായി. ഞാനതൊന്നു പരിഷ്കരിച്ചു ബിരിയാണിയാക്കി. പിന്നെ സെറ്റിൽ എല്ലാവർക്കും ഒരു ദിവസം ബിരിയാണി എന്റെ വക.

ഹരികൃഷ്ണൻസിൽ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നിൽ ഇരുന്നപ്പോൾ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണത്തെ കുറ്റം പറയാൻ അന്നും ഇന്നും എനിക്ക് സങ്കടമാണ്. പക്ഷേ കുറ്റം പറയുന്നതാണ് സീൻ. അങ്ങനെ നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു. ചീത്ത ഭക്ഷണമാണെന്ന മട്ടിൽ അഭിനയിക്കുന്നു ! ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ കള്ള ആക്ടിങ് ചെയ്തത്. മമ്മൂട്ടി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :