മമ്മൂട്ടിച്ചിത്രത്തില്‍ അഭിനയിക്കാന്‍ ധനുഷിന് പ്രതിഫലം 40 ലക്ഷം!

WEBDUNIA|
PRO
മമ്മൂട്ടിയും ദിലീപും ഒന്നിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചപ്പോഴേ ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന സിനിമ വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. സിനിമയുടെ ആദ്യ റിപ്പോര്‍ട്ടുകളും ഒരു വലിയ വിജയത്തിന്‍റെ സൂചന നല്‍കുന്നുണ്ട്. ഈ സിനിമയില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് കൂടി വന്നപ്പൊഴോ? മമ്മൂട്ടി ആരാധകര്‍ ആവേശത്തിലാണ്.

അഞ്ച് ദിവസത്തെ ഡേറ്റാണ് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന മലയാളം പ്രൊജക്ടിനായി ധനുഷ് അനുവദിച്ചത്. 40 ലക്ഷം രൂപയാണ് ധനുഷിന് നല്‍കിയ പ്രതിഫലം. ഒരു ഉദ്ഘാടനരംഗം, ഒരു ഗാനരംഗം, ക്ലൈമാക്സില്‍ മമ്മൂട്ടിക്കും ദിലീപിനുമൊപ്പം ഒരു രംഗം എന്നിവയാണ് ധനുഷിന് ചാര്‍ട്ട് ചെയ്തത്.

തോംസണ്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ്. കാര്‍ത്തിക, റീമ കല്ലിങ്കല്‍ എന്നിവരാണ് നായികമാര്‍. ആന്‍റോ ജോസഫാണ് നിര്‍മ്മാണം.

കമ്മത്ത് സഹോദരങ്ങളുടെ ഡ്രൈവറായ ഗോപിയെ ബാബുരാജ് അവതരിപ്പിക്കുന്നു. 'കിച്ചണ്‍ മാനേജര്‍ ശാന്ത' എന്ന കഥാപാത്രമായി തെസ്നി ഖാനും എത്തുന്നു. തൃഷ്ണ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച രാജ്യലക്ഷ്മി കമ്മത്ത് ആന്‍റ് കമ്മത്തില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൊങ്കിണി ഭാഷയാണ് മമ്മൂട്ടിയും ദിലീപും ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. നടന്‍ കലാഭവന്‍ ഹനീഫയാണ് മമ്മൂട്ടിയെയും ദിലീപിനെയും കൊങ്കിണി ഭാഷ സംസാരിക്കാന്‍ സഹായിക്കുന്നത്.

രാക്ഷസരാജാവിന് ശേഷം ദിലീപും മമ്മൂട്ടിയും ഒത്തുചേരുന്ന ചിത്രമാണ് കമ്മത്ത് ആന്‍റ് കമ്മത്ത്. ഇടയ്ക്ക് ട്വന്‍റി20, കേരളാ കഫെ എന്നീ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നെങ്കിലും മമ്മൂട്ടിയുമൊത്ത് കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. മേഘം, കളിയൂഞ്ഞാല്‍, സൈന്യം എന്നിവയാണ് മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച മറ്റ് ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :