സ്‌പെയിനും പറഞ്ഞു റോണോ ഒരു രക്ഷയുമില്ല; എന്തുകൊണ്ട് ക്രസ്‌റ്റ്യാനോ വാഴ്‌ത്തപ്പെടുന്നു ?

സ്‌പെയിനും പറഞ്ഞു റോണോ ഒരു രക്ഷയുമില്ല; എന്തുകൊണ്ട് ക്രസ്‌റ്റ്യാനോ വാഴ്‌ത്തപ്പെടുന്നു ?

 Spain , Portugal , Group B , Russia 2018 Fifa World Cup , Cristiano Ronaldo , Ronaldo , ക്രിസ്‌റ്റ്യോനോ റൊണാള്‍ഡോ , സ്പെയിന്‍ , പോര്‍ച്ചുഗല്‍ , ലോകകപ്പ് , റഷ്യ ,
ജിബിന്‍ ജോര്‍ജ്| Last Updated: ശനി, 16 ജൂണ്‍ 2018 (16:50 IST)
ആ മത്സരം സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലായിരുന്നില്ല, അത് സ്‌പെയിനും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡൊയും തമ്മിലായിരുന്നു. രക്ഷകനായും പടനായകനായും ക്രിസ്‌റ്റ്യാനോ പുല്‍‌മൈതാനത്ത് നിറഞ്ഞാടി. എതിരാളിക്കു മുന്നില്‍ ഒറ്റയ്‌ക്കു നിന്നു പോരടിച്ചു. ഇതോടെ വിപ്ലവമണ്ണില്‍ ആവേശം വാരിവിതറിയ ജയത്തോളം വിലകല്‍പ്പിക്കുന്ന സമനില പറങ്കിപ്പടയ്‌ക്ക് നേടിക്കൊടുത്തു.


റയല്‍ മാഡ്രിഡിന് ക്രിസ്‌റ്റ്യാനോ ഒരു ആവേശമാണെങ്കില്‍ പോര്‍ച്ചുഗലിന് അങ്ങനെയല്ല. അവരുടെ പ്രതീക്ഷകള്‍ കാലില്‍ ആവാഹിച്ച് മുന്നില്‍നിന്നു നയിക്കുന്ന സര്‍വ്വ സൈന്യാധിപനാണ് ഈ ആറടിക്കാരന്‍. റോണോ ഗ്രൌണ്ടിലുള്ളപ്പോള്‍ നെഞ്ച് തകര്‍ക്കുന്ന ഇടംകാല്‍ - വലംകാല്‍ ഷോട്ടുകള്‍ ഏതുനിമിഷവും എതിരാളികള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കും. പ്രതിരോധമൊന്നുലഞ്ഞാല്‍ ഗോള്‍ വീഴുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

ഈ ചങ്കുറപ്പ് കൈമുതലാക്കിയാണ് പോര്‍ച്ചുഗീസ് പട റഷ്യയിലേക്ക് വിമാനം കയറിയത്. ആ വിശ്വാസം അവരെ കൈവിട്ടില്ല. സ്‌പെയിനിനെതിരായ ആദ്യ മത്സരത്തില്‍ താനാണ് റിയല്‍ ഹീറോയെന്ന് റൊണാള്‍ഡോ തെളിയിച്ചു. വ്യത്യസ്ഥമായ കേളിശൈലി സ്വന്തമായുള്ള രണ്ടു ടീമുകള്‍. ഒഴുക്കോടെയുള്ള ത്രസിപ്പിക്കുന്ന കളി പുറത്തെടുക്കന്ന സ്‌പെയിനു മുന്നില്‍ ആക്രമണമെന്ന ആയുധമാണ് പോര്‍ച്ചുഗല്‍ പുറത്തെടുത്തത്. അതിനു മുന്നില്‍ നിന്നതാകട്ടെ റൊണാള്‍ഡോയും.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍‌റ്റിയെടുക്കുന്നതിന് മുമ്പ് ക്രിസ്‌റ്റ്യാനോ ഗ്യാലറിയിലേക്ക് നോക്കി. പാട്ടും ആരവങ്ങളുമായി നിറഞ്ഞ സ്‌റ്റേഡിയം തന്നെ നോക്കുന്നു. ഒന്നു പിഴച്ചിരുന്നുവെങ്കിലെന്ന് സ്‌പെയിന്‍ ആരാധകര്‍ ഉള്ളുരുകി പ്രാര്‍ഥിച്ചപ്പോള്‍ തങ്ങളുടെ ദൈവത്തിന് പിഴയ്‌ക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചു പോര്‍ച്ചുഗീസ്. പോസ്‌റ്റിന്റെ വലതു മൂലയിലേക്ക് ആ ഷോട്ട് വെടിയുണ്ട പോലെ ആഴ്‌ന്നിറങ്ങിയപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിന്റെ ഉന്നതിയിലെത്തി.

ഇരുപത്തിനാലാം മിനിറ്റില്‍ ഡിയാഗോ കോസ്‌റ്റ സ്‌പെയിനിനായി ഗോള്‍ നേടിയതോടെ കളി കാര്യമായി. 44മത് മിനിറ്റില്‍ റൊണാള്‍‌ഡോ തിരിച്ചടിച്ചതോടെ ഗ്യാലറി ആഘോഷത്തിമിര്‍പ്പിലായി. 55മത് മിനിറ്റില്‍ കോസ്‌റ്റ വീണ്ടും വല കുലുക്കിയതിന് പിന്നാലെ 58മത് മിനിറ്റിൽ നാച്ചോയും ഗോള്‍ നേടി. ഇതോടെ പറങ്കികള്‍ തോല്‍‌വിയുറപ്പിച്ചു.

എന്നാല്‍, പോര്‍ച്ചുഗീസ് പടത്തലവന്‍ ഒരു ഗ്രീക്ക് പോരാളിയെപ്പോലെ അവസാന നിമിഷം എതിരാളിക്കു മേല്‍ പാഞ്ഞു കയറി. മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ ലഭിച്ച ഫ്രീ കിക്ക് മഴവില്ലഴകു പോലെ റോണോ ഗോളാക്കി മാറ്റി. സ്‌പെയിനിന്റെ മനുഷ്യമതിലുനു മുകളിലൂടെ കൊതിപ്പിക്കുന്ന ഗോള്‍. അതുവരെ ജയമുറപ്പിച്ചിരുന്ന കാളപ്പോരിന്റെ നാട്ടുകാരുടെ ഹൃദയം മുറിഞ്ഞ വേളയില്‍ ഫുട്‌ബോള്‍ ലോകം റൊണാള്‍ഡോയോട് പറഞ്ഞു “ നിങ്ങള്‍ക്ക് മാത്രമെ ഇത് സാധിക്കൂ, ഈ പോരില്‍ ആര്‍ക്കും തോല്‍‌വിയില്ല, എന്നാല്‍ ജയിച്ചത് താങ്കള്‍ മാത്രമാണ്”.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :