പോര്‍ച്ചുഗലിനു പരാജയം

ബാസില്‍: | WEBDUNIA|
യൂറോപ്യന്‍ കപ്പില്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്ത് പോയെങ്കിലും സംയുക്ത ആതിഥേയരില്‍ പെടുന്ന സ്വിറ്റ്‌സര്‍ലന്‍ഡിനു ആശ്വസിക്കാം. ഗ്രൂപ്പിലെ കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ കരുത്തരായ പൊര്‍ച്ചുഗലിനെ 2-0 നു പരാജയപ്പെടുത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചു.

പോര്‍ച്ചുഗലിനായി രണ്ടാം നിരക്കാര്‍ പോരിനിറങ്ങിയ മത്സരത്തില്‍ ഹകന്‍ യകിന്‍റെ ഇരട്ടഗോളുകളായിരുന്നു സ്വിസ് ടീമിനു കരുത്തായത്. പോര്‍ച്ചുഗലിന് നിര്‍ണ്ണായകമൊന്നുമല്ലായിരുന്ന കളിയില്‍ ക്രിസ്ത്യാനോ, ഡെക്കോ, ന്യൂനോ ഗോമസ്, കര്‍വാലോ പെറ്റി, സിമാവോ തുടങ്ങിയ പ്രമുഖര്‍ക്ക് വിശ്രമം നല്‍കി.

രണ്ടു പേര്‍ക്കും അപ്രധാന മത്സരമായിരുന്നതിനാല്‍ ഒരു പരിശീലന മത്സരത്തിന്‍റെ ലാഘവത്വത്തോടെയാണ് പോര്‍ച്ചുഗല്‍ മത്സരത്തെ കണ്ടത്. ഗോള്‍ രഹിതമായി ഒന്നാം പകുതി അവസാനിച്ചതിനു ശേഷം രണ്ടാം പകുതിയിലെ 71, 83 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. പോര്‍ച്ചുഗീസ് ഗോളി റിക്കാര്‍ഡോയുടെ കാലുകള്‍ക്കിടയിലൂടെ ആദ്യ ഗോള്‍ നേടി ഹകന്‍ യകീന്‍ ലീഡ് കണ്ടെത്തിയത് എഴുപത്തൊന്നാം മിനിറ്റിലായിരുന്നു.

പത്തു മിനിറ്റുകള്‍ക്ക് ശേഷം തന്നെ സ്വിസ് ലീഡ് പിടിച്ചു. പകരക്കാരനായെത്തിയ ട്രാങ്ക്വിലോ ബെര്‍നേറ്റയെ ഫെര്‍ണാണ്ടോ മെയ്‌‌റ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി യകീന്‍ വലയില്‍ എത്തിക്കുക ആയിരുന്നു. ആദ്യ അമ്പത് മിനിറ്റുകള്‍ ഗ്രൂപ്പ് ചാമ്പ്യന്‍‌മാരുടെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ അതിനു ശേഷം പതുങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :