രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ മോഡി ജയിലിലാകും

ബല്‍‌റാം‌പുര്‍| WEBDUNIA| Last Modified വെള്ളി, 4 ഏപ്രില്‍ 2014 (15:10 IST)
PTI
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ നരേന്ദ്ര മോഡി ജയിലാകുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ബേനി പ്രസാദ് വര്‍മ. തെരഞ്ഞെടുപ്പ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ബേനി ഇത്തരത്തില്‍ മോഡിക്ക് താക്കീത്‌ നല്‍കിയത്.

മോഡിയെ സ്വേച്ഛാധിപതിയോട് ഉപമിച്ച ബേനി വളരെ രൂക്ഷമായിട്ടാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ വിമര്‍ശിച്ചത്. ഇന്ത്യയിലെ ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നിന്ന് മതത്തിന്റെ പേരില്‍ ജനാധിപത്യം കവരാന്‍ ആഗ്രഹിക്കുന്ന നായ്ക്കളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മോഡി ഒരു സ്വേച്ഛാധിപതിയാണ്, ഒരു സ്വേച്ഛാധിപതി എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും? ബിജെപിക്ക് എന്തും കാണിക്കാം എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്, കള്ളപ്രചരണങ്ങള്‍ നടത്തുന്നു, മാധ്യമങ്ങളെ വിലയ്ക്കു വാങ്ങുന്നു, പക്ഷേ മോഡി ഇന്ത്യ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ല- ബേനി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി അധികാരത്തില്‍ എത്തിയാല്‍ മോഡിയെ ഗുജറാത്ത് കലാപത്തിന് ആറ് മാസത്തിനുള്ളില്‍ തന്നെ ജയില്‍ ശിക്ഷ വാങ്ങി നല്‍കുമെന്നും ബേനി കൂട്ടിച്ചേര്‍ത്തു. മോഡി കാരണം സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടി വിട്ടുപോകേണ്ടിവന്നുവെന്നും ബേനി ഓര്‍മ്മിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :