ജാതി കാര്‍ഡിറക്കി ഇടത്‌-വലത്‌ മുന്നണികളുടെ പോരാട്ടം

ആലപ്പുഴ| WEBDUNIA|
PRO
മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുറുകിയപ്പോള്‍ ഇടതു-വലതു മുന്നണികളുടെ പോരാട്ടം ജാതി കാര്‍ഡിറക്കി. പൊതുവേദികളില്‍ മതേതരത്വം പ്രസംഗിക്കുന്നുണ്ടെങ്കിലും ഇരു സ്ഥാനാര്‍ഥികളും അഭയം പ്രാപിക്കുന്നത്‌ തങ്ങളുടെ സമുദായത്തിന്റെ വോട്ടുകള്‍ ഉറപ്പിക്കാനാണ്‌.

സമദൂരം ഉപേക്ഷിച്ച്‌ സമുദായ വോട്ടുകള്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ അനുകൂലമായി മാറ്റിയെടുക്കുക എന്ന തന്ത്രമായിരുന്നു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള ഡിസിസി പ്രസിഡന്റിന്റെ ഏകപക്ഷീയമായ വെടിപൊട്ടിക്കല്‍. എന്നാല്‍ വെള്ളാപ്പള്ളി ആ ചൂണ്ടയില്‍ കൊത്തിയില്ല. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വികനസവും രാഷ്ട്രീയ പോരാട്ടവുമൊക്കെ ഇടതു-വലതു മുന്നണികള്‍ കൈവിട്ടുകഴിഞ്ഞു.

പരസ്യമായി ജാതി വികാരം ഇളക്കിവിട്ടാണ്‌ ഇപ്പോഴത്തെ പ്രചരണങ്ങള്‍. സമുദായ നേതാക്കളുടെ ശരിദൂരവും സമദൂരവും തങ്ങള്‍ക്ക്‌ അനുകൂലമാക്കി മാറ്റാന്‍ സിപിഎമ്മും കോണ്‍ഗ്രസും മറയില്ലാതെ ജാതി പറഞ്ഞാണ്‌ വോട്ടു തേടുന്നത്‌. തീരദേശത്തെ സംഘടിത മതന്യൂനപക്ഷ സമൂഹത്തെ കയ്യിലെടുക്കാന്‍ തീരസുരക്ഷാ നിയമം തന്നെ അട്ടിമറിക്കുമെന്നാണ്‌ ഇടതു-വലതു മുന്നണികളുടെ പ്രഖ്യാപനം. ചേന്നവേലിയിലുണ്ടായ സംഘര്‍ഷത്തെ പോലും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനും ഇരുമുന്നണികളും മത്സരിച്ചു.

തീരദേശത്തെ മറ്റൊരു സമുദായ നേതാവിനെ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങള്‍ക്കൊപ്പം അണിനിരത്താന്‍ യുഡിഎഫ്‌ വിജയിച്ചെങ്കിലും സമുദായംഗങ്ങള്‍ നേതാവിനെ തള്ളിക്കളഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :