ജയലളിതയുടെ ശ്രമം വോട്ടിന് വേണ്ടി തന്നെ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 19 ഫെബ്രുവരി 2014 (16:02 IST)
PTI
PTI
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന് 24 മണിക്കൂറിനകമാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രതികളെ വിട്ടയക്കാനുള്ള ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മൂന്ന് ദിവസത്തിനകം അറിയിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനം വൈകിയാല്‍ സ്വന്തം അധികാരം ഉപയോഗിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തമിഴ്നാടിന്റെ തീരുമാനം ഗവര്‍ണറെയും അറിയിക്കും.

ജയില്‍ മോചനതീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് എഐഎഡിഎംകെ യുടെ കണക്കുകൂട്ടല്‍. ഡിഎംകെ, എംഡിഎംകെ, സിപിഐ എന്നീ പാര്‍ട്ടികളും ഇന്നലെ പ്രതികളുടെ ജയില്‍ മോചനം ആവശ്യപ്പെട്ടിരുന്നു.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്സ്, രവികുമാര്‍, ജയചന്ദ്ര എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്നാട് സര്‍ക്കാരാണ് തീരുമാനിച്ചത്. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ചൊവ്വാഴ്ചയായിരുന്നു. നളിനിയുടെ വധശിക്ഷ നേരത്തെ തന്നെ ജീവപര്യന്തമാക്കി കുറച്ചിരുന്നു. ദയാഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. സോണിയാ ഗാന്ധിയുടെ ശുപാര്‍ശയും നളിനിയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാരണമായി. പ്രതി മുരുകന്റെ ഭാര്യയായ നളിനി ജയിലില്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

റോബര്‍ട്ട് പയസ്സ്, രവികുമാര്‍, ജയചന്ദ്ര എന്നിവര്‍ ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :