കെ വി തോമസിന്റെ തുറുപ്പ് ചീട്ട് ഭക്ഷ്യസുരക്ഷാ ബില്ല്

WEBDUNIA|
PRO
PRO
എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി തോമസിന്റെ തുറുപ്പ്ചീട്ട് ഭക്ഷ്യസുരക്ഷാ ബില്ല്. യുഡിഎഫ്‌ കണ്‍വെന്‍ഷനുകളില്‍ ഒരു മണിക്കൂറിലേറെ സമയം ചെലവഴിച്ചാണ് കെ.വി തോമസ് ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ച്‌ പറയുന്നത്. രാജ്യത്ത്‌ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതായി കെ.വി. തോമസ്‌ അവകാശപ്പെടുന്നു. ആവേശകരമായ പ്രസംഗത്തിനിടെ സദസില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്കും കെ.വി തോമസ് മറുപടി പറയുന്നു.

എന്നാല്‍ കൊച്ചിയുടെ അഭിമാനപദ്ധതികളായി വിശേഷിപ്പിക്കപ്പെട്ട മെട്രോ റെയില്‍, സ്മാര്‍ട്ട്‌ സിറ്റി പദ്ധതികളെക്കുറിച്ച് കെ.വി തോമസ് മൌനം പാലിക്കുകയാണ്. വികസനപദ്ധതികളൊന്നും ചര്‍ച്ചയാകുന്നില്ലെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സരിതയും ലയനങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാകുന്നുണ്ട്‌. അതേസമയം കേന്ദ്രമന്ത്രിയെ നിലയിലുള്ള ഇമേജും സിറ്റിംഗ്‌ എംപി എന്ന ആനുകൂല്യവും തുണക്കുമെന്ന പ്രതീക്ഷയാണ്‌ കെ.വി. തോമസിനുള്ളത്‌. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക്‌ തന്നെ പുതുതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നതാണ്‌ കെ.വി. തോമസിനനുകൂലമായ ഘടകം. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള ലത്തീന്‍ സമുദായത്തിലും കെ.വി തോമസ് പ്രതീക്ഷയര്‍പ്പിക്കുന്നു.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസും പ്രചരണത്തില്‍ സജീവമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി ക്രിസ്ത്യന്‍ സഭക്കുള്ളില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിട്ടുള്ള വികാരം തങ്ങള്‍ക്കനുകൂലമാകുമെന്ന്‌ എല്‍ഡിഎഫ്‌ ക്യാമ്പ്‌ കണക്കുകൂട്ടുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞാണ്‌ ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്‌. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപും രംഗത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :