‘കൈപ്പത്തി ചിഹ്നം‘ എങ്ങനെ കോണ്‍ഗ്രസിന്റേതായി?

WEBDUNIA|
PRO
1978 ഫെബ്രുവരി 1978, ഇത് മറക്കാനാകാത്ത ദിനമാണ് കോണ്‍ഗ്രസിന്, പാര്‍ട്ടിചിഹ്നമായി ഇന്ദിരാഗാന്ധി ‘കൈപ്പത്തി‘ തീരുമാനിച്ച ദിനം.

പൂട്ടിയ കാള ചിഹ്നത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുമ്പ് മത്സരിച്ചത്. കാര്‍ഷികപുരോഗതിയുടെ പ്രതീകമായി വിലയിരുത്തപ്പെട്ട ആ ചിഹ്നം കോണ്‍ഗ്രസിനെ വിജയത്തേരില്‍ത്തന്നെ ഇരുത്തി.

കോണ്‍ഗ്രസില്‍ അന്തഃച്ചിദ്രം വളര്‍ന്ന് രണ്ടായപ്പോള്‍ 'പൂട്ടിയ കാള' ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ഇന്ദിരയെ അനുകൂലിക്കുന്ന വിഭാഗത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരും 'പശുവും കിടാവും' എന്ന ചിഹ്നവും ലഭിച്ചു.

മറുപക്ഷത്തിന് കിട്ടിയത് 'ചര്‍ക്ക തിരിക്കുന്ന സ്ത്രീ'. പശുവും കിടാവും ചിഹ്‌നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് ദയനീയതോല്‍വി. വീണ്ടും പാര്‍ട്ടിയില്‍ ഭിന്നതയായി. ഇരുവിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി അവകാശമുന്നയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതു മരവിപ്പിച്ചു.

ഇന്ദിരയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പേരും കൈപ്പത്തി ചിഹ്നവും ലഭിച്ചു. ദേവരാജ് അറസിന്റെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-യുവിന് ചര്‍ക്ക ചിഹ്നം കിട്ടി.

എന്നാല്‍ ആ ദിനങ്ങളില്‍ മറക്കാനാകാത്ത മറ്റൊരാള്‍ കൂടിയുണ്ട് കോണ്‍ഗ്രസിന് ആര്‍ കെ രാജരത്നം. ആര്‍ കെ രാജരത്നം വിവിധമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ ദിനങ്ങള്‍ ഓര്‍ത്തപ്പോള്‍-

കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി അന്ധ്രാപ്രദേശിലാണ്. പാര്‍ട്ടിയുടെ രൂപീകരണത്തിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും മുന്നൊരുക്കത്തില്‍ പാര്‍ട്ടിക്ക് അതുവരെ ചിഹ്നം ആയിരുന്നില്ല.

ഇന്ദിരാഗാന്ധി തങ്ങിയത് രാജരത്നത്തിന്റെ ഭവനത്തിലാണ് രാത്രിയോടെ ചിഹ്നത്തിനെപ്പറ്റി അറിയിക്കാനാവശ്യപ്പെട്ട് ഭൂട്ടാസിംഗ് വിളിച്ചു.

രാജരത്നം ഇന്ദിരയോട് പറഞ്ഞു-‘ മാഡം കൈപ്പത്തി ചിഹ്നമായി എടുത്താല്‍ നന്നായിരിക്കും, എളുപ്പം ശ്രദ്ധിക്കപ്പെടുകയും ചെയ്യും. ഒപ്പം വിശ്വാസ്യതയുടെയും പിന്തുണയുടെയും പ്രതീകമാകുകയും ചെയ്യും’.

എന്നാല്‍ മറ്റൊരു കഥ കോണ്‍ഗ്രസ് പിളര്‍ന്നതിനെ തുടര്‍ന്ന് പുതിയ ചിഹ്നം ആവശ്യമായി വന്നപ്പോള്‍ ലീഡര്‍ കെ കരുണാകരനാണ് കൈപ്പത്തിചൂണ്ടിക്കണിച്ചതെന്നും പറയപ്പെടുന്നുണ്ട്.

അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രത്തില്‍ ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകള്‍ ആരാധിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പിനു തൊട്ടുപിന്നാലെ ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് കോണ്ഗ്രസ് (ഐ)യുടെ ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തത് എന്ന് കേരളത്തില്‍ ഒരു കഥയുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :