തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ ജനനം

WEBDUNIA|
PRO
തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിലവില്‍ വന്നത്‌ റിപ്പബ്ലിക്ക്‌ ആകുന്നതിനും ഒരു ദിവസം മുമ്പേ. അതായത്‌ 1950 ജനുവരി 25നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ജനനം. ആദ്യ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി നിയമിതനായത്‌ സുകുമാര്‍ സെന്നും. 1950 മുതല്‍ 1989 ഒക്ടോബര്‍ 16 വരെ കമ്മിഷന്‍ പ്രവര്‍ത്തിച്ചത്‌ ഏകാംഗ കമ്മിഷനെന്ന നിലയിലായിരുന്നു. 1989 ഒക്ടോബര്‍ 16 മുതല്‍ 1990 ജനുവരി ഒന്നു വരെ കമ്മീഷന്‍ മൂന്നംഗങ്ങളുള്ള സംവിധാനമായി മാറി. എന്നാല്‍ വീണ്ടും 1990 ജനുവരി ഒന്നിന്‌ കമ്മിഷനെ പഴയനിലയിലേക്ക്‌ അതായത്‌ ഏകാംഗ കമ്മീഷനാക്കി മാറ്റി. പിന്നീട്‌ 1993 ഒക്ടോബര്‍ ഒന്നു മുതലാണ്‌ മൂന്നംഗ കമ്മിഷനായി വീണ്ടും അത്‌ മാറിയത്‌.

തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ചരിത്രത്തില്‍ ഇനിയും ഏറെ സവിശേഷതകള്‍ കാണാന്‍ കഴിയും. 1947ല്‍ രാജ്യം സ്വതന്ത്രമായതിനുശേഷം സ്വതന്ത്ര ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കാനാണ്‌ തീരുമാനിച്ചത്‌. ഭരണഘടനയുടെ 324 വകുപ്പ്‌ പ്രകാരമാണ്‌ ഇതിനായി സ്വതന്ത്രമായ ഭരണഘടനാവകാശങ്ങളോടെയുള്ള കമ്മീഷനെ നിയമിച്ചത്‌. ഈ വകുപ്പ്‌ 1949 നവംബര്‍ 26നാണ്‌ നിലവില്‍ വന്നത്‌. ഭരണഘടനയിലെ ഏതാണ്ടെല്ലാ വകുപ്പുകളും പിന്നീട്‌ 1950 ജനുവരി 26നാണ്‌ നിലവില്‍ വന്നത്‌. അന്നു മുതലാണ്‌ ഭരണഘടനയും പ്രാബല്യത്തില്‍ വന്നത്‌.

മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണറും രണ്ട്‌ കമ്മീഷണര്‍മാര്‍ക്കും സുപ്രീംകോടതി ജഡ്ജിക്കു നല്‍കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ്‌ നല്‍കുന്നത്‌. മൂന്നുപേരും അവകാശങ്ങളില്‍ തുല്യരാണെങ്കിലും ഏതെങ്കിലും തീരുമാനത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരമാണ്‌ തീരുമാനമെടുക്കുക. ഇവരുടെ ഓഫീസ്‌ കാലാവധി ആറു വര്‍ഷമോ 65 വയസോ ഇതില്‍ ഏതാണ്‌ ആദ്യം വരിക അതാണ്‌.

1950 മാര്‍ച്ച്‌ 21 മുതല്‍ 1958 ഡിസംബര്‍ 19 വരെയായിരുന്നു സുന്ദര്‍സെന്നിന്റെ കാലാവധി. 1958 ഡിസംബര്‍ 20 മുതല്‍ 1967 സെപ്തംബര്‍ 30 വരെ ഈ സ്ഥാനത്തു തുടര്‍ന്ന വി കെ സുന്ദരമാണ്‌ ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുപ്പ്‌ കമ്മീഷണറായിരുന്നത്‌. വി എസ്‌ രമാദേവിയാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായ ഏക വനിത. ഈ പദവിയില്‍ ഏറ്റവും കുറച്ചുകാലം ഇരുന്നതും രമാദേവിയാണ്‌. 16 ദിവസം മാത്രമാണ്‌ അവര്‍ മുഖ്യതിരഞ്ഞെടുപ്പ്‌ കമ്മിഷണറായിരുന്നത്‌.

തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ സ്വയംഭരണാവകാശമുണ്ട്‌. തെരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അര്‍ധ നീതി ന്യായ കോടതിയുടെ സ്വഭാവമുണ്ടെങ്കിലും കമ്മിഷന്‍ തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ്‌ പരാതികള്‍ കേള്‍ക്കുന്ന കോടതികളുടെ നിരീക്ഷണത്തിന്‌ വിധേയവുമാണ്‌.

തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനാവശ്യമായ ആസൂത്രണം, നിര്‍വഹണം എന്നിവയുടെയല്ലാം ചുമതല കമ്മിഷനാണ്‌. തെരഞ്ഞെടുപ്പുവേളയില്‍ കേന്ദ്ര-സംസ്ഥാന ഭരണയന്ത്രങ്ങളെല്ലാം കമ്മിഷന്റെ അധികാരപരിധിക്കുള്ളിലാണ്‌. പാരാമിലിട്ടറി സേന, പൊലീസ്‌ ഉള്‍പ്പടെ തെരഞ്ഞെടുപ്പു പ്രക്രിയ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ എല്ലാ സേവനങ്ങളുടെയും നിയന്ത്രണവും വികേന്ദ്രീകരണവും കമ്മീഷനായിരിക്കും. ജനപ്രതിനിധി സഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനു പുറമെ പലയവസരങ്ങളിലും കോടതി നിര്‍ദേകപ്രകാരം സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍വകലാശാല സിന്‍‌ഡിക്കേറ്റുകള്‍ തുടങ്ങിയവയിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ മേല്‍നോട്ടം വഹിക്കണ്ടതായും വന്നിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :