‘ക്രിസ്ത്യന്‍ പേര് വേണ്ടെന്ന് യേശുദാസ് പറഞ്ഞു’

കലാഭവന്‍ ഉണ്ടായ കഥ : 3 - ജെ പുതുച്ചിറ

WEBDUNIA|
PRO
ഒട്ടേറെ മധുരഗീതങ്ങള്‍ ആലപിച്ച് യേശുദാസ് മലയാളികളുടെ ഒന്നടങ്കം പ്രിയ ഗായകനായി വളരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഫോര്‍ട്ടുകൊച്ചിക്കാരനായ ദാസ് ഇതിനകം മദിരാശിക്കു താമസം മാറിക്കഴിഞ്ഞിരുന്നു. ഒരിക്കല്‍ ആബേലച്ചനെഴുതിയ ‘കുരിശിന്‍റെ വഴി’ യേശുദാസിനെക്കൊണ്ടു പാടിച്ച് റിക്കോര്‍ഡു ചെയ്യിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണുന്നതിനുവേണ്ടി ആബേലച്ചന്‍ മദിരാശിക്കു പുറപ്പെട്ടു. അഭിരാമിപുരത്താണ് ദാസിന്‍റെ താമസം. അന്നു റിക്കോര്‍ഡിംഗ് ഇല്ലാ‍ത്ത ദിവസമായിരുന്നു. അതിനാലാവാം രാവിലെ ചെല്ലുമ്പോള്‍ ദാസ് കിടക്ക വിട്ട് എഴുന്നേറ്റിരുന്നില്ല.

അദ്ദേഹത്തിന്‍റെ സഹോദരന്‍ മണിയാണ് ആദൃം അച്ചനെ സ്വീകരിച്ചിരുത്തിയത്. പിന്നീട് അല്‍‌പനേരത്തിനുള്ളില്‍ ദാസുമെത്തി. ‘എന്താണച്ചാ, പുതിയ പാട്ടുകള്‍ വല്ലതും റിക്കൊര്‍ഡിംഗ് നടത്താനുണ്ടോ?’ യേശുദാസ് തിരക്കി. പുതിയ രചനകളെകുറിച്ചല്ല, പുതിയ ഒട്ടേറെ ആശയങ്ങളെക്കുറിച്ചാണ് ആബേലച്ചന് ദാസുമായി സംസാരിക്കാനുണ്ടായിരുന്നത്. അച്ചന്‍ മനസ്സു തുറന്നു. യേശുദാസ് എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. അദ്ദേഹത്തിനു താല്പര്യമുള്ള വിഷയങ്ങളായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ആവേശമായി.

ദാസ് സംസാരിച്ചു തുടങ്ങി, ദാസിന്‍റെ മനസ്സിലെ ആശയങ്ങളും പുറത്തു വന്നു. കൊച്ചിയില്‍ റിക്കോര്‍ഡിംഗ് സ്റ്റുഡിയോ വേണം, ഫിലിം സ്റ്റുഡിയോ വേണം പക്ഷേ, അതിനു മുന്‍പ് അടിസ്ഥാനപരമായി ചിലതൊക്കെ ചെയ്യാനുണ്ട്. അതായത് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അവശ്യം വേണ്ടത് ഉപകരണ സംഗീതജ്ഞരാണ്. മദ്രാസില്‍ അതു ധാരാളമാണ്. കൊച്ചിയില്‍ വളരെ കുറവും.

അതിനാല്‍ യുവാക്കളെ സംഗീതോപകരണങ്ങള്‍ പരിശീലിപ്പിക്കാന്‍ ഒരു സ്ഥാപനം വേണം. ദാസിന്‍റെ നിര്‍ദ്ദേശം കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായി അച്ചനു തോന്നി. ഒരു ജാതിയുടേതെന്ന് തോന്നാത്ത ഒരു സ്ഥാപനമാകണം അതിനുവേണ്ടി ഉണ്ടാകേണ്ടതെന്ന് ദാസ് നിര്‍ദ്ദേശിച്ചു. ക്രിസ്തൃന്‍ ആര്‍ട്സ് ക്ലബ് എന്ന പേരുമാറ്റുന്നതാവും നന്നെന്ന് യേശുദാസ് നിര്‍ദ്ദേശിച്ചു. ഈ സ്ഥാപനത്തില്‍ രാഷ്ട്രീയം പാടില്ല. യുവജനങ്ങളിലെ അധമവാസനകള്‍, പ്രത്യേകിച്ചും അക്രമവാസനകള്‍ മാറ്റിയെടുക്കാന്‍ സ്ഥാപനം ഉപകരിക്കണമെന്ന് ദാസ് പറഞ്ഞു.

രാവിലെ യേശുദാസിന്‍റെ വസതിയിലെത്തിയ അച്ചന്‍ ഉച്ചവരെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പദ്ധതികളെ യേശുദാസ് സര്‍വാത്മനാ പിന്താങ്ങി. അന്നു വൈകുന്നേരത്തെ ട്രെയിനില്‍ ആബേലച്ചന്‍ എറണാകുളത്തിനു മടങ്ങി. പിറ്റേന്നു തന്നെ പാറേക്കാട്ടില്‍ തിരുമേനിയെക്കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. ക്രിസ്ത്യന്‍ ആര്‍ട്സ് ക്ലബ് വിപുലീകരിക്കാനുള്ള അണിയറ നിക്കങ്ങള്‍ ആരംഭിച്ചു. ഓരോ പുരോഗതിയും ദാസിനെ അറിയിച്ചുകൊണ്ടിരുന്നു. ഒരു ദിവസം വിളിക്കുബോള്‍ ദാസ് അറിയിച്ചു ‘ഞാന്‍ എറണാകുളത്തു വരുന്നുണ്ട്. അക്കൂട്ടത്തില്‍ അതുവഴിയും വരാം.’

ബ്രോഡ്‌വേയില്‍ ഒരു ചെറിയ മുറിയും മേശയും കസേരയും പഴയൊരു ഹാര്‍മോണിയപ്പെട്ടിയുമാണ് ക്രിസ്ത്യന്‍ ആര്‍ട്സ് ക്ലബിനുണ്ടായിരുന്നത്. ഈ ഇല്ലായ്മകളിലേക്കാണ് മലയാളക്കരയുടെ ഗന്ധര്‍വ്വഗായകന്‍ കടന്നുവന്നത്. ആദൃം വരുമ്പോള്‍ ആബേലച്ചനും കെ കെ ആന്‍റണി മാസ്റ്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസിലെ കൂടിക്കാഴ്ച്ചക്കുശേഷം നടത്തിയ ഒരുക്കങ്ങളൊക്കെ അദ്ദേഹത്തെ ധരിപ്പിച്ചു. ദാസ് താല്പരൃപൂര്‍വ്വം എല്ലാം കേട്ടു. പുതിയ നിര്‍ദ്ദേശങ്ങള്‍ വച്ചു. ഒരു മണിക്കൂറോളം അവരോടൊപ്പം ചെലവഴിച്ചു.

ക്രിസ്ത്യന്‍ ആര്‍ട്സ് ക്ലബുമായി യേശുദാസ് സഹകരിക്കുന്നു എന്ന വിവരം തന്നെ സ്ഥാപനത്തിന് വല്ലാത്ത ജനപ്രീതിയുണ്ടാക്കി. സമൂഹത്തില്‍ വിലയും. വൈപ്പിനിലെ ഐലന്‍ഡ് സീഫുഡ്സിന്‍റെ മാനേജിംഗ് ഡയറക്ടറായ ജോസഫ് കാരിക്കശേരി യേശുദാസിന്‍റെ വലിയൊരു ഫാനായിരുന്നു. യേശുദാസ് സഹകരിക്കുന്നു എന്നറിഞ്ഞ അദ്ദേഹം ക്രിസ്ത്യന്‍ ആര്‍ട്സുമായി സഹകരിക്കാന്‍ തയ്യാറായി. പില്‍ക്കാലത്ത് ജോസഫ്, യേശുദാസിന്‍റെ ആത്മസുഹൃത്തും കലാഭവന്‍ ഡയറക്ടറുമായി.

യേശുദാസുമായി മദ്രാസില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ അനുസരിച്ച് പുത്തന്‍ നടപടികളായി. ക്രിസ്ത്യന്‍ ആര്‍ട്സ് ക്ലബിന് പുതിയ പേരു നല്‍കി. കലാസദന്‍, കലാഭവന്‍ എന്ന പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. അവയില്‍ കലാഭവന്‍ എന്ന പേരാണ് സ്വീകാര്യമായത്. ഉപകരണസംഗീതക്ലാസുകള്‍ക്കു തുടക്കമായി. വയലിന്‍ ക്ലാസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാനും തീരുമാനമായി. കലാഭവന്‍ പിറവിയെടുക്കുകയായിരുന്നു.

യേശുദാസിന്‍റെ സഹകരണം കലാഭവന് ഏറെ പോപ്പുലാരിറ്റി ഉണ്ടാക്കിക്കൊടുത്തു. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള കലാപ്രേമികളും കലാവാസന ഉള്ളവരുമായ യുവാക്കളുടെ ഒരു പ്രവാഹം തന്നെ കലാഭവനിലേക്ക് ഉണ്ടായി. എറണാകുളത്തു വരുമ്പോഴൊക്കെ ദാസ് ബ്രോഡ്‌വേയിലുള്ള ഓഫീസിലെത്തുക പതിവാക്കി. കലാഭവന്‍റെ ഔപചാരികമായ ഉദ്ഘാടനം ഗംഭീരമായി നടത്തുവാനുള്ള ശ്രമങ്ങളാരംഭിച്ചു.

അച്ചനും എമിലിയും കൂടിയാണ് ഉദ്ഘാടകനായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ ക്ഷണിക്കുവാന്‍ പോയത്. നല്ലൊരു കലാസ്നേഹിയായ ആദ്ദേഹം ആ ക്ഷണം സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. അന്നത്തെ എറണാകുളം കളക്ടര്‍ എസ് കൃഷ്ണകുമാര്‍ അധ്യക്ഷപദവി സ്വീകരിച്ചു. ഡോ. ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയായിരുന്നു കലാഭവന്‍റെ മുഖ്യരക്ഷാധികാരി. എം കെ കെ നായര്‍, വി ആര്‍ കൃഷ്ണയ്യര്‍, എസ് കൃഷ്ണകുമാര്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കാമെന്നും സമ്മതിച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ കലാഭവന് വലിയൊരു മേല്‍വിലാസമായി. പത്രങ്ങളൊക്കെ കലാഭവന്‍റെ സംസ്ഥാപനത്തേയും ലക്‌ഷ്യങ്ങളേയും പ്രശംസിച്ചെഴുതി.

(യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ബിലാത്തി മലയാളം (bilathi.info) എന്ന മാസികയുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്നത്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :