കന്നിയങ്കത്തില്‍ അര്‍ജുന്‍ കലാപ്രതിഭയായി

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2014 (13:51 IST)
PRO
കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത അര്‍ജുന്‍ കലാപ്രതിഭയായി. കലോല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം കയ്യടക്കി വച്ചിരുന്ന തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജിനെ പിന്തള്ളി ഇത്തവണത്തെ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിന്‌ അര്‍ജുന്‍റെ ഈ നേട്ടം ഇരട്ടി മധുരമാണു നല്‍കിയത്.

കോളേജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ആറ് നൃത്ത ഇനങ്ങള്‍ ഉള്‍പ്പെടെ ഏഴു ഇനങ്ങളിലാണു മത്സരിച്ചത്. കഥകളി, ഭരതനാട്യം, കുച്ചിപ്പുഡി, ഓട്ടന്‍ തുള്ളല്‍, കേരള നടനം, നാടോടി നൃത്തം എന്നിവയ്ക്കൊപ്പം പ്രച്ഛന്ന വേഷത്തിലും അര്‍ജുന്‍ മാറ്റുരച്ചെങ്കിലും പ്രച്ഛന്ന വേഷത്തില്‍ നേട്ടമൊന്നും ഉറപ്പാക്കാനായില്ല. മറ്റ് ആറ് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ്‌ അര്‍ജുന്‍ കലാപ്രതിഭാ പട്ടം കൈവരിച്ചത്. തിരുവനന്തപുരത്തെ അമ്പലം മുക്ക് ഗോകുലത്തില്‍ കെ.ബി.ശ്രീകുമാര്‍ - മായാ ദമ്പതികളുടെ മകനാണ്‌ അര്‍ജ്ജുന്‍.

കുച്ചിപ്പുഡി ഇനത്തില്‍ അര്‍ദ്ധനാരീശ്വര വേഷത്തില്‍ എത്തി സദസ്സിനെയും ജൂറിയേയും വിസ്മയിപ്പിച്ച് ഒന്നാം സ്ഥാനം നേടിയതാണ്‌ അര്‍ജ്ജുനെ ഇത്തവണ വേദിയിലെ മിന്നും താരമാക്കിയത്. ശിവതാണ്ഡവത്തിന്‍റെ രൌദ്രഭാവത്തിനൊപ്പം ലാസ്യത്തിന്‍റെ ദേവീഭാവവും ചേര്‍ന്ന അര്‍ജുന്‍റെ നൃത്തം സദസ്സില്‍ വിസ്മയം സൃഷ്ടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :