എന്നാല്‍ ബൈബിള്‍ക്കഥയുര ചെയ്യാം

WEBDUNIA|
ജനകീയ കവിയെന്ന കുഞ്ചന്‍നമ്പ്യാരുടെ ഖ്യാതിയ്ക്കും ജനകീയകലാരൂപമെന്ന തുള്ളലിന്‍റെ പെരുമയ്ക്കും തിലക്കുറിയായ് തുള്ളല്‍രൂപത്തില്‍ ബൈബിള്‍ക്കഥകളും .

ചാക്യാരുടെ കുത്തക പൊളിച്ചെഴുതി പുതിയ കലാരൂപമായി അവതരിപ്പിച്ച തുള്ളലിന് നമ്പിയാര്‍ കഥ ചമച്ചത് പുരാണസന്ദര്‍ഭങ്ങളെ ഉപജീവിച്ചായിരുന്നു.

എന്നാല്‍ ക്രൈസ്തവകലകളുമായി യാതൊരു ബന്ധവുമില്ലാത്ത തുള്ളലിനെ അതുമായി ദൃഢമായി കലാരസച്ചരടു കൊണ്ട് കൂട്ടിയിണക്കുകയാണ് മണ്ണഞ്ചേരി ദാസന്‍.

ആലപ്പുഴ ജില്ലയില്‍ മണ്ണഞ്ചേരിയില്‍ കഴിയുന്ന ദാസന്‍ ഉപജീവനത്തിന് കയര്‍ പിരിക്കുന്ന ലാഘവത്തോടെയല്ല ഈ ശ്രമത്തെ ഏറ്റെടുത്തത്.ഇത് ദാസന്‍റെ ആദ്യ നൃത്ത സംരംഭവുമല്ല.

കേരളത്തിലങ്ങോളം ഇങ്ങോളം അനേകം വേദികളില്‍ തുള്ളലുമായി ദാസന് അരങ്ങുണര്‍ത്തിയിട്ടുണ്ട്. ഏദന്‍തോട്ടം,തിരുപ്പിറവി എന്നീ കഥകളാണ് ദാസന്‍ രംഗത്ത് അവതരിപ്പിച്ചത്. അവ രണ്ടും വ്യാപകമായ പ്രശംസ പിടിച്ചു പറ്റി അവ രണ്ടും.

രണ്ടു പതിറ്റാണ്ട് ഈ രംഗത്തു പ്രവര്‍ത്തിച്ചു പരിചയമുള്ള ദാസന്‍ ഏറെക്കാലത്തെ ആലോചനകള്‍ക്കും തീരുമാനങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കുമൊടുവിലാണ് ബൈബിള്‍ തുള്ളല്‍രൂപത്തില്‍ അവതരിപ്പിച്ചത്.ഡോണ്‍ ബോസ്കോ പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ കുട്ടികളുടെ ബൈബിളില്‍ നിന്നാണ് കഥ.

ക്രൈസ്തവസഭയും മേലധ്യക്ഷന്മാരും ആദ്യം ഞെട്ടലോടെയാണ് ദാസന്‍റെ കലാസംരംഭത്തെപ്പറ്റി കേട്ടത്. അതു കൊണ്ടു തന്നെ വേദി കണ്ടെത്താന്‍ ദാസനാദ്യം കഴിഞ്ഞില്ല. ഒടുവില്‍ സഹായമെത്തിച്ചത് ഫാദര്‍ ബോണി സെബാസ്റ്റ്യനാണ്.

ആലപ്പുഴ സൈന്‍റ് ആന്‍റണീസ് ഓര്‍ഫനേജ് ഡയറക്ടര്‍ ആയ ഫാദര്‍ ദാസന് ആദ്യവേദിയൊരുക്കി.അരങ്ങേറ്റം കഴിഞ്ഞതോടെ നെറ്റി ചുളിച്ചവര്‍ തന്നെ ആദ്യം ദാസന് കൈകൊടുത്തു. തുള്ളലിനനുരൂപമായി ബൈബിള്‍ക്കഥ വഴക്കിയെടുത്തതില്‍ അവര്‍ ദാസന് നന്ദി പറഞ്ഞു.

ധീരമായ പരിശ്രമമാണ് ദാസന്‍റേത്.ഒരു മാറ്റത്തിന്‍റെ തുടക്കവും. വര്‍ഗീയഫാസിസ്റ്റുകള്‍ നടമാടുന്ന ഇക്കാലത്ത് ദാസനുയര്‍ത്തുന്നത്ജാതിമതഭേദമില്ലയ്മയുടെ കാല്‍ചിലമ്പൊലിയാണ്.
ദാസന്‍റെ സംരംഭത്തെ വ്യത്യസ്തമാക്കുന്നതും അതു തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :