“സോളിഡാരിറ്റി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു”

പ്രദീപ് ആനക്കൂട്

PRO
ഒന്നാമത് ഇടത്-വലത് എന്ന വേര്‍തിരിവ് നഷ്ടപ്പെട്ടിരിക്കുന്നു. വലുത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സോളിഡാരിറ്റി പ്രതീക്ഷയര്‍പ്പിച്ചിരുന്നത് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലാണ്. മുതലാളിത്തവുമായി ബന്ധപ്പെട്ട്, സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട്, വികസനവുമായി ബന്ധപ്പെട്ട്, വര്‍ഗീയതയുമായി ബന്ധപ്പെട്ട്.

സോളിഡാരിറ്റി രൂപീകരിച്ചത് മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരായാണ്. ഇത് ന്യൂനപക്ഷ വര്‍ഗീയതയായാലും ഭൂരിപക്ഷ വര്‍ഗീയതയായാലും ഒരു പോലെയാണ്. ഈ നാല് വിഷയങ്ങളിലും പിന്തുണയ്ക്കാവുന്ന വിഭാഗങ്ങളില്‍ നമുക്ക് അല്പം ആഭിമുഖ്യം ഉണ്ടായിരുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തോടായിരുന്നെന്ന് വേണമെങ്കില്‍ പറയാം, പ്രശ്നാധിഷ്ഠിതമായി. പക്ഷേ, ഇടതുപക്ഷം അതിന്റെ ഇടതുപക്ഷം എന്ന വ്യതിരിക്തതയില്‍ നിന്നും മാറിയിരിക്കുന്നു. മുതലാളിത്ത അനുകൂല സമീപനമാണ് ഇടതുപക്ഷത്തു നിന്നും ഇപ്പോള്‍ പല വിഷയങ്ങളിലും കണ്ടു കൊണ്ടിരിക്കുന്നത്. വര്‍ഗീയ ഫാസിസത്തെ നേരിടുന്ന കാര്യത്തില്‍ പോലും ഹിന്ദുത്വ വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് എങ്ങനെ വോട്ട് നേടാം എന്ന കേവല വോട്ട് രാഷ്ട്രീയമാണ് ഇടതു പക്ഷം നടത്തുന്നത്. വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയൊക്കെ ആ ഒരു സ്വഭാവത്തില്‍ ഉള്ളതാണ്. മൂന്നാമതൊന്ന് വികസനവുമായി ബന്ധപ്പെട്ട് യുഡി‌എഫിനേക്കാള്‍ വലതുപക്ഷവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ഇടതുപക്ഷം എന്ന് പറയേണ്ടുന്ന സ്ഥിതി കേരളത്തില്‍ വന്നിരിക്കുന്നു.

അത് കിനാലൂരായാലും എന്‍‌എച്ച് വികസനമായാലും കേരളത്തിലെ ഭൂപ്രകൃതിയും അതിന്റെ പരിസ്ഥിതിയും പരിഗണിച്ചുകൊണ്ടുള്ളതും ചരടുകളില്ലാത്തതും കേരളത്തിന്റെ പൊതുവഴി സ്വകാര്യവല്‍ക്കരിക്കാത്തതുമായ ഒരു വികസന കാഴ്ചപ്പാടിനു പകരം തീര്‍ത്തും മൂലധന ശക്തികളുടെ, അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന, അതിന് വളരെ ലാഘവത്തോടു കൂടി വഴിയൊരുക്കിക്കൊടുക്കുന്ന, വയ്ക്കാവുന്ന വ്യവസ്ഥകള്‍ പോലും വയ്ക്കാതെ, ഒരു മുതലാളിത്ത വ്യവസ്ഥിതിക്ക് അനുസരിച്ച് ഇടപെടല്‍ നടത്തുന്നതിന് ഇടതുപക്ഷത്തിനു പരിമിതികളുണ്ടാകാം. ഈ പരിമിതിയില്‍ നിന്നു കൊണ്ടു തന്നെ ആകാവുന്നത് പോലും ആകേണ്ടാത്ത രീതിയില്‍ ഇത്തരം മൂലധന മാഫിയകള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന വികസന കാഴ്ചപ്പാടാണ് ഇടതുപക്ഷം വച്ചുപുലര്‍ത്തുന്നത്.

ഈയൊരു സാഹചര്യത്തിലാണ് ഇടതും വലതും അല്ലാത്ത, മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും വര്‍ഗീയ ഫാസിസത്തോടും ശക്തമായി വിയോജിക്കുന്ന, ഭക്ഷണം, വീട്, ഭൂമി, തുടങ്ങിയ മൌലിക മനുഷ്യന്റെ മൌലിക പ്രശ്നങ്ങള്‍ക്ക് പരിഗണന കൊടുക്കുന്ന‍ ഒരു സംഘടന, ഏറ്റവും ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വച്ചാല്‍ ഒരു ഘട്ടത്തില്‍ എകെജി ഉള്‍പ്പെടെയുള്ളവര്‍ കൈകാര്യം ചെയ്തിരുന്നതാണ് ഈ പ്രശ്നങ്ങള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതു തന്നെ അങ്ങനെയാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒരിക്കല്‍ ഏറ്റെടുത്തിരുന്നതാണ് ഇടതു പ്രസ്ഥാനങ്ങള്‍. കേരളത്തില്‍ മൂന്നരലക്ഷത്തോളം ആളുകള്‍ ഭൂമിയില്ലാത്തവരായുണ്ട്. ഈ മൂന്നര ലക്ഷം ആളുകളുടെ ഭൂമിയുടെ കാര്യം ഇരുമുന്നണികള്‍ക്കും പ്രശ്നമല്ല. അതുപോലെ തന്നെ വികസനക്കാര്യത്തില്‍ ജനങ്ങളോടൊപ്പമുള്ള നിലപാടല്ല, കടന്നുവരുന്ന കോര്‍പറേറ്റുകളോടൊപ്പമുള്ള നിലപാടാണ് മുന്നണികള്‍ക്കുള്ളത്. ഇങ്ങനെ ഓരോന്നോരോന്നെടുത്താല്‍ കുടിവെള്ളം, വിദ്യാഭ്യാസം; സ്വാശ്രയ കോളേജ് സമീപനത്തിനെതിരെ ശക്തമായ സമരം നടത്തിയിട്ടാണ് ഇടതുപക്ഷം വന്നത്, എന്നാല്‍ വലതു പക്ഷത്തുനിന്ന് വ്യത്യസ്തമായി സ്വാശ്രയ പ്രശ്നത്തില്‍ ഒരു ചുവടുവയ്പ്പ് നടത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. സ്വാശ്രയ മാനേജ്മെന്റുകളുടെ എല്ലാ കൊള്ളയ്ക്കും കൂട്ടു നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയൊരവസ്ഥയില്‍ ഇരുമുന്നണികളും ജനങ്ങളെ വിസ്മരിക്കുകയും ജനങ്ങളുടെ മൌലിക പ്രശ്നങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നിടത്താണ് ഇതിനു മുന്‍‌ഗണന കൊടുക്കുന്ന ഒരു ബദല്‍ ചേരി വളര്‍ന്നു വരണമെന്ന് ആഗ്രഹിക്കുന്നത്.

WEBDUNIA| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2010 (18:47 IST)
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം

അടുത്ത പേജില്‍ വായിക്കുക “കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :